കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളില്‍ ഒന്നായ ആക്‌സിസ് ബാങ്ക് സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്‌എംഇ) അനുയോജ്യമായ പ്രവര്‍ത്തന മൂലധന സഹായം ലഭ്യമാക്കുന്നതിന് ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ നെക്‌സ്‌റ്റ് ഭാരത് വെഞ്ചേഴ്‌സ് ഐഎഫ്‌എസ്‌സി പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു. പരമ്പരാഗത ഈടില്ലാതെ സുരക്ഷിതമായ വായ്‌പ ലഭിക്കാനും സാമ്പത്തിക തടസങ്ങള്‍ കുറച്ച് ബിസിനസിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ മൂലധനം കണ്ടെത്താനും ഇതിലൂടെ അനായാസം സാധിക്കും.
ഈ സഹകരണത്തിലൂടെ ഭാരത് വെഞ്ചേഴ്‌സ് റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായ എംഎസ്‌എംഇകള്‍ക്കും ആക്‌സിസ് ബാങ്ക് സഹായം ലഭ്യമാക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിലും അനൗപചാരിക മേഖലകളിലും സ്വാധീനം ചെലുത്താന്‍ പ്രതിജ്ഞാബദ്ധരായ സംരംഭകരെ ശാക്തീകരിക്കുന്നതിന് രൂപകല്‍പ്പന ചെയ്‌ത ഈ നാല് മാസ പരിപാടിയുടെ ആദ്യ ഘട്ടം ഒക്ടോബറില്‍ ആരംഭിക്കും.
ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ആക്‌സിസ് ബാങ്കിന്റെ സമഗ്രമായ സാമ്പത്തിക സേവന ശ്രേണികളും ഉല്‍പന്നങ്ങളും പ്രാപ്യമാകും. ഈ സംരംഭം സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മതിയായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നെക്‌സ്‌റ്റ്‌ഭാരത് വെഞ്ച്വറുമായുള്ള ഈ സഹകരണം ഇന്ത്യയുടെ ഗ്രാമീണ സമ്പദ്-വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയ്‌ക്ക് അടിവരയിടുന്നതാണെന്നും ഇതിലൂടെ തങ്ങളുടെ സാമ്പത്തിക വൈദഗ്‌ധ്യവും വിപുലമായ ബ്രാഞ്ച് ശൃംഖലയും പ്രയോജനപ്പെടുത്തി ഈ സംരംഭകരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാന്‍ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ആക്‌സിസ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുനീഷ് ഷര്‍ദ പറഞ്ഞു.
ആക്‌സിസ് ബാങ്കുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന സംരംഭകര്‍ക്ക് സുസ്ഥിരമായ സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെയ്‌പാണെന്ന് നെക്‌സ്‌റ്റ് ഭാരത് വെഞ്ചേഴ്‌സിന്‍റെ എംഡിയും സിഇഒയുമായ വിപുല്‍ നാഥ് ജിന്‍ഡാല്‍ പറഞ്ഞു.