കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് പ്രൈവറ്റ് ഇന്ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഗ്രൂപ്പിന്റെ ഭാഗമായ ഗാരണ്ട്കോയുമായി സഹകരിച്ച് മുത്തൂറ്റ് ക്യാപ്പിറ്റലിന് ഒരു ബില്യണ്‍ രൂപയുടെ വായ്പ നല്കും. രാജ്യത്തെ ഗ്രാമീണ മേഖലകളിലും മെട്രോ ഇതര മേഖലകളിലുമുള്ള ഉപഭോക്താക്കള്ക്ക് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ നല്കുവാനായാണ് ഈ ധനസഹായം. ഈ ഇടപാടിനായി ഗാരണ്ട്കോ ആക്സിസ് ബാങ്കിന് 65 ശതമാനം വായ്പാ ഗാരണ്ടി നല്കും.
ഗാരണ്ട്കോയും ആക്സിസ് ബാങ്കുമായുള്ള വൈദ്യത വാഹന ചട്ടക്കൂടിനായുള്ള 200 ദശലക്ഷം രൂപയുടെ ധാരണയുടെ ഭാഗമായാണ് ഈ ഇടപാട്. ഗ്രാമങ്ങളിലും മെട്രോ ഇതര മേഖലകളിലുമുള്ള ചെറിയ വരുമാനക്കാര്ക്ക് ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലാവും മുത്തൂറ്റ് ക്യാപ്പിറ്റലുമായുള്ള ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത വര്ധിപ്പിക്കുന്നതില്‍ ആക്സിസ് ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു. രാജ്യത്തെ മുന്നിര ബാങ്കുകളില്‍ ഒന്ന് എന്ന നിലയില്‍ പാരിസ്ഥിതിക-സാമൂഹ്യ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
രാജ്യത്ത് ആധുനീകവും സുസ്ഥിരവുമായ വാഹന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഗാരണ്ട്കോയുമായുള്ള സഹകരണമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സിഇഒ മാത്യൂസ് മാര്ക്കോസ് പറഞ്ഞു.