ബെംഗളൂരു-മൈസൂരു പാത വേഗക്കാർക്ക് എട്ടിന്റെ പണി

ഓഗസ്റ്റ് ഒന്നുമുതല്‍ അതിവേഗത്തിനു പിഴയും കേസും ഏര്‍പ്പെടുത്തിയതോടെ മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളുടെപേരിലാണ് കേസെടുത്തിട്ടുള്ളത്.

New Update
o8765rt789876890-

ബെംഗളൂരു- മൈസൂരു പത്തുവരി പാതയിലൂടെ വാഹനമോടിക്കുമ്പോള്‍ വേഗംകൂടുന്നത് പലപ്പോഴും അറിയില്ല. വേഗം ത്രില്ലടിപ്പിക്കുമെങ്കിലും പോലീസ് കേസും പിന്നാലെ വരുമെന്ന് ഓര്‍ക്കണം. ഓഗസ്റ്റ് ഒന്നുമുതല്‍ അതിവേഗത്തിനു പിഴയും കേസും ഏര്‍പ്പെടുത്തിയതോടെ മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളുടെപേരിലാണ് കേസെടുത്തിട്ടുള്ളത്.

Advertisment

പാതയില്‍ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസെടുക്കും. ഏതു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാല്‍ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കര്‍ണാടക ഡി.ജി.പി. അലോക് മോഹന്‍ പറഞ്ഞു.

അതിവേഗക്കാരെ പിടികൂടാന്‍ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പിഴയടയ്ക്കാനുള്ള അറിയിപ്പ് മൊബൈലില്‍ ലഭിച്ചതനുസരിച്ച് വെബ്സൈറ്റില്‍ കയറി അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പണം പോയതല്ലാതെ പിഴയടച്ചതായി അറിയിപ്പ് വരുന്നില്ലെന്ന് ആരോപണമുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ലെയിന്‍ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.

Advertisment