New Update
/sathyam/media/media_files/uJ6NFnuRoOp1pHiNhs0a.jpg)
ഡൽഹി: അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം 'വികസിത ഭാരതമെന്ന' സ്വപ്നം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷട്രീയം മാറ്റിനിർത്തിക്കൊണ്ട് രാജ്യത്തിന്റെ സ്വപ്നങ്ങൾക്കാണ് നിലവിൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഞ്ച് വർഷത്തിനിടെ രാജ്യത്തിന്റെ ഗതി തന്നെ മാറ്റി മറയ്ക്കുന്ന നിരവധി പരിഷ്കാരങ്ങൾ സംഭവിച്ചു. നിരവധി വെല്ലുവിളികൾ ഇക്കാലങ്ങളിൽ രാജ്യം നേരിട്ടു. എന്നാൽ, വിഷയങ്ങളിലെല്ലാം ഉചിതമായ മാർഗനിർദേശം നൽകാൻ തങ്ങൾക്കായി. ഈ അഞ്ച് വർഷം പരിഷ്കരണത്തിന്റേയും പരിവർത്തനത്തിന്റേയും കാലമായിരുന്നു. രാജ്യം പതിനേഴാം ലോക്സഭയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും. എം.പിമാർക്കും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സഭയെ നിഷ്പക്ഷമായി നയിച്ചതിന് സ്പീക്കറെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ സാഹചര്യങ്ങളില്‍ ബിർള ക്ഷമയോടെ സഭ മുന്നോട്ടു കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ അനുച്ഛേദം 370, മുത്തലാഖ്, ജി-20യുടെ ആതിഥേയത്വം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി തലമുറകൾ രാജ്യത്താകെ ഒരു ഭരണഘടനയെന്ന സ്വപ്നം കണ്ടു. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയവർ ഇന്ന് നമ്മെ അനുഗ്രഹിക്കുന്നുണ്ടാകും. സാമൂഹിക നീതിയിൽ നിന്നും അകന്ന് ജീവിച്ചിരുന്ന കശ്മീർ ജനതയ്ക്ക് തങ്ങൾ നീതി ഉറപ്പുവരുത്തി.
പുതിയ പാർലമെന്റ് ആവശ്യമാണെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ബി.ജെ.പി സർക്കാർ പുതിയ പാർലമെന്റ് മന്ദിരം യാഥാർഥ്യമാക്കി. രാജ്യത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ട്രാൻസ്ജെൻഡര്‍ വിഭാഗത്തിലെ 17000 പേർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചു. സർക്കാർ അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനായി ശ്രമിച്ചു. ഇന്ത്യ ട്രാൻസ്ജെൻഡേഴ്സിനായി എന്തു ചെയ്തുവെന്ന് ലോകം ഇന്ന് ചർച്ച ചെയ്യുന്നു. തങ്ങൾ ഇതേ വിഭാഗത്തിൽപ്പെട്ടവർക്ക് പദ്മ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ ലഭിക്കാതിരുന്ന പല സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.