ശരീരഭാരം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ് വഴുതനങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നത്. ഫൈബര്‍ സമൃദ്ധമായ വഴുതനങ്ങയില്‍ കലോറി താരതമ്യേന കുറവാണ്. ഈ ഗുണമാണ് ശരീരഭാരം കുറയ്ക്കാന്‍ വഴുതനങ്ങ സഹായകമാകുന്നതിന്റെ അടിസ്ഥാനം.
വഴുതനങ്ങ തോരന്‍, തീയല്‍, മെഴുക്കുപുരട്ടി ഇങ്ങനെ പലവിധത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി തുടങ്ങിയവ വഴുതനങ്ങയിലുണ്ട്. മാത്രമല്ല, മഗ്നീഷ്യവും കോപ്പറും ചെറിയ അളവില്‍ കാണപ്പെടുന്നു.
ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവും വഴുതനങ്ങയെ ഉപകാരിയാക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റ് സവിശേഷതകളുള്ള ആന്തോസയാനിന്‍ എന്ന പിഗ്മെന്റാണ് വഴുതനങ്ങയുടെ ആ നിറത്തിന് പിന്നിലെ രഹസ്യം.
രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നതിലും വഴുതനങ്ങ സഹായകമാണ്. കാരണം ഫൈബര്‍ സമ്പന്നമായ വഴുതനങ്ങ, ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.