ഗ്രീൻ പീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ പീസ്. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. ഗ്രീൻ പീസ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോഗ്യകരമായ നിലനിർത്തുകയും ചെയ്യും. ഗ്രീൻ പീസിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഗ്രീൻ പീസിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. അതേസമയം ഫ്ലേവനോയിഡുകളും കരോട്ടിനോയിഡുകളും പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
100 ഗ്രാം ഗ്രീൻ പീസിൽ 81 കലോറിയാണുള്ളത്. ഗ്രീൻ പീസ് താരതമ്യേന കുറഞ്ഞ കലോറിയും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
100 ഗ്രാം ഗ്രീൻ പീസിൽ 2480 മൈക്രോഗ്രാം ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും കുറയ്ക്കുന്നു.
ഗ്രീൻ പീസ് പ്രോട്ടീനാൽ സമ്പന്നമാണ്. കൂടാതെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്ന് 2023-ൽ ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.