തിരുവനന്തപുരം: ഏപ്രിലിൽ പുരപ്പുറ സോളാർ ഉത്‌പാദകർക്ക് കിട്ടിയത് വമ്പൻ ബില്ലുകൾ. ഏപ്രിലിലെ കടുത്ത ഉഷ്ണം കാരണം ഉത്‌പാദിപ്പിച്ചതിനെക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ചത് കൊണ്ടാണിതെന്നാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം. സോളാർ ഉത്‌പാദനത്തിന്റെ ബാങ്കിങ് സൈക്കിൾ മാറിയതറിയാതെയാണ് പലരും കൂടുതൽ ഉപയോഗിച്ചത്. ബാങ്കിങ് കാലക്രമം മാറിയതോടെ തട്ടിക്കിഴിക്കാൻ അക്കൗണ്ടിൽ മുൻകാല വൈദ്യുതി മിച്ചവും ഇല്ലാതായി.
മൂന്ന് കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ നല്ല വെയിൽ ഉണ്ടെങ്കിൽ ദിവസം ശരാശരി 12 യൂണിറ്റ് ഉത്‌പാദിപ്പിക്കാം. മാസം ശരാശരി 360 യൂണിറ്റ്. ഇതിൽ പകൽ ഉപയോഗിക്കുന്നത് ഒഴികെയുള്ളത് ഗ്രിഡിലേക്കു പോകും. പകരം രാത്രിയിൽ ഗ്രിഡിൽനിന്നാണ് ഉത്‌പാദകനും വൈദ്യുതി ഉപയോഗിക്കുന്നത്.മാസം 300 യൂണിറ്റ് മാത്രമാണ് ഉപയോഗിച്ചതെന്ന് കരുതുക. ബാക്കിയുള്ള 60 യൂണിറ്റ് ബോർഡിന് നൽകിക്കഴിഞ്ഞു.
അത് ഉത്‌പാദകന്റെ ശേഖരത്തിൽ വരവുവെക്കും. അടുത്തമാസം ഉത്‌പാദിപ്പിച്ചതിനെക്കാൾ 50 യൂണിറ്റ് അധികം ഉപയോഗിച്ചാൽ മുൻ മാസത്തെ മിച്ചത്തിൽനിന്ന് ഇത് ക്രമീകരിക്കും. പിന്നെയും മിച്ചമുള്ളത് അക്കൗണ്ടിൽ ശേഷിക്കും. ഇങ്ങനെ ഒരുവർഷംവരെയേ ബാങ്കിങ് തുടരാനാവൂ.ഒരുവർഷം കഴിയുമ്പോൾ ബാക്കിനിൽക്കുന്ന വൈദ്യുതിക്ക് കമ്മിഷൻ നിശ്ചയിച്ച പണം ഉപഭോക്താവിന് നൽകണമെന്നാണ് നിബന്ധന.
ഒരുവർഷം എന്നത് നേരത്തേ ഒക്ടോബർ മുതൽ അടുത്തവർഷം സെപ്റ്റംബർവരെ ആയിരുന്നു. 2022-ലെ റെഗുലേഷനിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇത് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയാക്കി. മാർച്ച് 31 വരെ എത്ര ബാക്കിനിൽക്കുന്നോ അതിന് പണം കിട്ടും. ഏപ്രിൽ ഒന്നുമുതൽ അക്കൗണ്ടിലെ നീക്കിയിരിപ്പ് പൂജ്യം യൂണിറ്റായിരിക്കും.
ഏപ്രിൽ മുതൽ വീണ്ടും എത്ര ഉത്‌പാദിപ്പിക്കുന്നു, എത്ര ഉപയോഗിക്കുന്നു എന്നതനുസരിച്ചാവും ബിൽ. ഉത്‌പാദിപ്പിച്ചതിനെക്കാൾ ഉപയോഗിച്ചാൽ ക്രമീകരിക്കാൻ മുൻകാല മിച്ചമുണ്ടാവില്ല.കഴിഞ്ഞവർഷംമുതൽ ഏപ്രിൽ-മാർച്ച് കാലക്രമം നിലവിൽ വന്നുവെങ്കിലും ഇത്രയും ചൂടില്ലാതിരുന്നതിനാൽ വൻതോതിൽ ഉപയോഗമുണ്ടായിരുന്നില്ല. നിയന്ത്രണമില്ലാതെ എ.സി.യും മറ്റും ഉപയോഗിച്ചവർക്കാണ് വലിയ ബിൽ കിട്ടിയതെന്നാണ് വിശദീകരണം.
- ഫിക്സഡ് ചാർജ് -ഇത് ഉപയോഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഉപയോഗം കൂടിയാൽ തുക കൂടും. കുറഞ്ഞാൽ തുക കുറയും.
- എനർജി ചാർജ്- പകൽ ഉത്‌പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകിയതിനെക്കാൾ കൂടുതൽ യൂണിറ്റ് ഉപയോഗിച്ചാൽ അതിന് നൽകേണ്ട വില.
- ഫ്യുവൽ സർച്ചാർജ്- കാലാകാലം റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്ന സർച്ചാർജ്
- ഓട്ടോറിക്കവറി എഫ്.എസ്.-വൈദ്യുതി ബോർഡ് ചുമത്തുന്ന സർച്ചാർജ്
- ഇലക്‌ട്രിസിറ്റി ഡ്യൂട്ടി- എല്ലാ വൈദ്യുതി ഉപഭോക്താക്കളും സർക്കാരിന് നൽകേണ്ട നികുതി. സർച്ചാർജ് ഉൾപ്പടെയുള്ള എനർജി ചാർജിന്റെ 10 ശതമാനം
- മീറ്റർ റെന്റ്- റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്ന മീറ്റർ വാടക.
- ജി.എസ്.ടി.എം.ആർ.- മീറ്റർ വാടകയിൽ ചുമത്തുന്ന ജി.എസ്.ടി. ഒമ്പത് ശതമാനം വീതം കേന്ദ്രത്തിനും സംസ്ഥാനത്തിനും.