തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. അവയുടെ സ്ഥാനവും വളർച്ചയുടെ തീവ്രതയും അനുസരിച്ച്, ട്യൂമറിനെ ദോഷകരമല്ലാത്ത അല്ലെങ്കിൽ മാരകമായ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ ട്യൂമർ വളരുമ്പോൾ, അത് ആ ഭാഗത്ത് സമ്മർദ്ദം ചെലുത്തുകയും ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. മസ്തിഷ്ക കോശങ്ങളെ അവ ബാധിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ 120-ലധികം തരം ബ്രെയിൻ ട്യൂമറുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ഓരോ വർഷവും 40,000-50,000-ത്തിലധികം ആളുകൾക്ക് ബ്രെയിൻ ട്യൂമർ രോഗനിർണയം നടത്തുന്നു. ഇതിൽ 20 ശതമാനവും കുട്ടികളാണ്. എല്ലാ മാരകമായ ബ്രെയിൻ ട്യൂമർ രോഗികൾക്കും, ശരാശരി അതിജീവന നിരക്ക് 34.4 ശതമാനം മാത്രമാണെന്നും പഠനങ്ങൾ പറയുന്നു. ഓരോ വർഷം കഴിയുന്തോറും ബ്രെയിൻ ട്യൂമർ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നതായി വിദഗ്ധർ പറയുന്നു.
തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. ഓർമ നഷ്ടപ്പെടുക, ചെറിയ കണക്കുകൾ പോലും കൂട്ടാൻ കഴിയാതിരിക്കുക, കഠിനമായ തലവേദന, ഛർദി, കാഴ്ചക്കുറവ്, വസ്തുക്കൾ രണ്ടായി കാണുക, തലകറക്കം, കൈകാലുകളുടെ ശക്തിക്കുറവ്, ഓർമക്കുറവ് എന്നിവയെല്ലാം ബ്രെയിൻ ട്യൂമറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.