ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പ്രഭാതഭക്ഷണം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.ഓട്‌സിൽ ധാരാളമായി ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ബൗൾ ഓട്‌സ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.
അവാക്കാഡോയിൽ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം, വാൾനട്ട്, പിസ്ത എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ചിയ സീഡ് രക്തസമ്മർദ്ദം കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.
പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് മുട്ട പ്രധാന പങ്ക് വഹിക്കുന്നു.ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സ്മൂത്തികളിലോ ഓംലെറ്റുകളിലും ഇലക്കറികൾ ഉൾപ്പെടുത്തുക. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഫ്ളാക്സ് സീഡ്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഫ്ളാക്സ് സീഡുകൾ ചേർക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.