തിരുവനന്തപുരം∙ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക് ബുക്കിങ് റദ്ദാക്കേണ്ടി വന്നാൽ അക്കാര്യം ഇനി മുതൽ ദേവസ്വം ബോർഡിനെ മുൻകൂട്ടി അറിയിക്കാം.വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ തന്നെ ബുക്കു ചെയ്തയാളുടെ വാട്സാപ് നമ്പറിലേക്ക് ഒരു ലിങ്ക് കൂടി അയയ്ക്കും.അടിയന്തര സാഹചര്യത്തിൽ ദർശനം മാറ്റിവയ്ക്കേണ്ടി വന്നാൽ ഈ ലിങ്കിലൂടെ ദേവസ്വം ബോർഡിനെ അറിയിക്കാം. പകരം മറ്റൊരു ദിവസം ലഭിക്കില്ല. വീണ്ടും ബുക്ക് ചെയ്തു ദർശനത്തിനായി എത്തണം. ഈ മണ്ഡലകാലം മുതൽ സംവിധാനം നിലവിൽ വരും.
പുതിയ സംവിധാനം സജ്ജമാകുന്നതോടെ ഒഴിവു വരുന്ന സ്ലോട്ടുകൾ അറിയാനും അതിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാനുമാകും. ഇതുവഴി വെർച്വൽ ക്യൂ സംബന്ധിച്ച പ്രശ്നങ്ങൾ 70 ശതമാനത്തോളം പരിഹരിക്കാനാകുമെന്നും ബോർഡു കരുതുന്നു. ഇതിനായി ഓൺലൈൻ ബുക്കിങ് വെബ്സൈറ്റും പരിഷ്കരിച്ചുവരികയാണ്. വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നവരിൽ ദിവസംതോറും 5,000 മുതൽ 10,000 വരെ പേർ പല കാരണങ്ങളാൽ ദർശനത്തിന് എത്തുന്നില്ലെന്നാണു ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും കണക്ക്. ഇതു മുൻകൂട്ടി അറിയാനും കഴിയില്ലായിരുന്നു. വ്യക്തിയുടെ പേര്, ലിംഗം, പ്രദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കയും പരിഹരിക്കാനാകും. അക്ഷയ സെന്ററുകൾ പോലെ ആധികാരിക കേന്ദ്രങ്ങൾ വഴി കൂടുതൽ ഭക്തരെ വെർച്വൽ ക്യൂവിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികളുമുണ്ടാകും.
ശബരിമലയിൽ എത്തുന്നവരെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരവും ഇനി മുതലുണ്ടാകും. നിലവിൽ കൂടുതൽ പരിശോധനകളില്ലാതെ ആധാർ നമ്പർ മാത്രമാണ് സ്പോട്ട് ബുക്കിങ്ങിലടക്കം രേഖപ്പെടുത്തുന്നത്. ഈ വിവരങ്ങൾ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ ഡേറ്റബാങ്കുമായി ഒത്തു നോക്കും.