അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന ക്യാന്‍സറിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മിക്ക ഭക്ഷണങ്ങളും ഇത്തരത്തില്‍ സഹായിക്കുന്നവയാണ്.ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറച്ചേക്കാം.
ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയില്‍ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.
ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയതാണ് വെളുത്തുള്ളി. അതിനാല്‍ ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.