Advertisment

ചിരിക്കണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം ഒരു മലയാളി അണിയിച്ചൊരുക്കിയ ചീനാ ട്രോഫിക്ക്..

അത്തരം ചില ട്രോഫികളുടെ കഥ പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചീനാ ട്രോഫി എന്ന ചിത്രം. അനില്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്.

author-image
മൂവി ഡസ്ക്
New Update
sertyuiopiuytrtyuioiuytui

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന രാജേഷ് എന്ന ചെറുപ്പക്കാരന്‍. ദിവസവും പ്രശ്‌നത്തിന്റെ രൂപത്തില്‍ പടികടന്നെത്തുന്ന ട്രോഫികള്‍. അത്തരം ചില ട്രോഫികളുടെ കഥ പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചീനാ ട്രോഫി എന്ന ചിത്രം. അനില്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്.

Advertisment

ഒരു ഗ്രാമപ്രദേശത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ചാന്ദ് ഫുഡ് പ്രൊഡ്ക്ട്‌സ് എന്ന സ്ഥാപനമാണ് രാജേഷിന്റെ വരുമാനമാര്‍ഗം. രാജേഷിന്റെ കൊച്ചച്ഛന്റെ മരണം അറിയിക്കാനെത്തിയ ചൈനക്കാരിയിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പിന്നീടങ്ങോട്ട് രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ നിര്‍ത്താതെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് പടം.

രാജേഷ് എന്ന കഥാപാത്രം ധ്യാന്‍ ശ്രീനിവാസന്‍ പതിവ് പോലെ ഗംഭീരമാക്കി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായികയായ കെന്റി സിര്‍ദോയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടമായ രാജേഷിന്റെ വലംകൈയായ വിനു ചേട്ടനെ മനോഹരമാക്കാന്‍ ജാഫര്‍ ഇടുക്കിക്ക് സാധിച്ചു. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍കുട്ടി തുടങ്ങിയ വന്‍താരനിരയാല്‍ സമ്പന്നമാണ് ചീനാ ട്രോഫി.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ചൈനീസ് മൂഡിലാണ് ചിത്രത്തിന്റെ ഒഴുക്ക്. നല്ല ഒരുപിടി ഹാസ്യതാരങ്ങളുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ നര്‍മഭരിതമാക്കുന്നു.

ഒരു ഗ്രാമപ്രദേശത്ത് സാധാരണയായി കാണാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പരമാവധി പുതുമ നല്‍കാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത ഛായാഗ്രഹണം, സംഗീതം തുടങ്ങിയവയാണ് മറ്റ് ഹൈലൈറ്റുകള്‍.

ഒരാള്‍ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ തളര്‍ത്തിക്കളയാന്‍ അനേകം സംഭവവികാസങ്ങള്‍ ചുറ്റുമുണ്ടായേക്കാം. ഇവിടെ രാജേഷിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രാജേഷിന്റെ വലം കൈയായ വിനുചേട്ടന്‍ പറയുന്നത് ഇങ്ങനെയാണ്,'എന്തൊക്കെ സംഭവിച്ചാലും നിന്റെ മുഖത്തെ ഈ ചിരി മായുന്നില്ലല്ലോ, നിന്നെ സമ്മതിച്ചെടാ'.

എന്തൊക്കെ നഷ്ടമായാലും ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരാനുള്ള ശ്രമങ്ങള്‍ രാജേഷിനെ ഇഷ്ടപ്പെടുന്നവരില്‍ നിരാശയ്ക്ക് കാരണമാകുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ ട്രോഫി മാത്രം സ്വന്തമാക്കിയ രാജേഷ് എന്നെങ്കിലും വിജയത്തിന്റെ ട്രോഫി സ്വന്തമാക്കുമോ? അറിയണമെങ്കില്‍, ചിരിക്കണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം ഒരു മലയാളി അണിയിച്ചൊരുക്കിയ ചീനാ ട്രോഫിക്ക്.

cheena-trophy-malayalam-movie
Advertisment