/sathyam/media/media_files/vQbD4rtHi1KCe6nrKzwT.jpg)
ബാകു: ചെസ്സ് ലോകകപ്പിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും ഇന്ത്യയ്ക്ക് അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. ഫൈനൽ മത്സരത്തിൽ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യൻ താരം അടിയറവ് പറഞ്ഞത്.
ഫിഡെയുടെ ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രഗ്നാനന്ദയ്ക്ക് 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) സമ്മാനമായി ലഭിക്കുക. ലോക ചാമ്പ്യനായ കാള്‍സന് 91 ലക്ഷത്തോളം രൂപയാണ് (110,000 ഡോളര്‍) ലഭിക്കുന്ന സമ്മാന തുക.
പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ 1.5-0.5 എന്ന സ്‌കോറിനാണ് കാള്‍സന്‍ മറികടന്നത്. ആദ്യ ഗെയിം സ്വന്തമാക്കി കാൾസൻ വിജയകാഹളം മുഴക്കി. രണ്ടാം ഗെയിമിലും കാൾസന്റെ മികവിന് മുന്നിൽ പിടിച്ച് നിൽക്കാൻ പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞില്ല. രണ്ടാം ഗെയിം സമനില ആയതോടെ കാൾസൻ ലോകജേതാവായി.
ആദ്യ ഗെയിമിൽ തുടക്കത്തിൽ പ്രഗ്നാന്ദയ്ക്കായിരുന്നു മുൻതൂക്കം. എന്നാൽ സമയമെടുത്തുള്ള നീക്കങ്ങൾ പ്രഗ്നാനന്ദയ്ക്ക് തിരിച്ചടിയായി. ആദ്യം വേഗത്തിൽ നീക്കങ്ങൾ നടത്തിയിരുന്ന കാൾസന് അവസാനം സമയം കൂടുതൽ ലഭിച്ചു. പ്രഗ്നാന്ദ നീക്കങ്ങൾ വേഗത്തിലാക്കിയതോടെ കാൾസൻ നീക്കങ്ങൾ പതുക്കെ ആക്കി.
പ്രഗ്നാന്ദയ്ക്ക് ഒരു മിനിറ്റിൽ താഴെ സമയം ഉണ്ടായിരുന്നപ്പോൾ കാൾസന് മൂന്ന് മിനിറ്റ് സമയം ബാക്കി ഉണ്ടായിരുന്നു. തുടർന്ന് ചെക്ക്മേറ്റ് ആകുമെന്ന സാഹചര്യത്തിൽ പ്രഗ്നാനന്ദ തോൽവി സമ്മതിക്കുക ആയിരുന്നു. ആദ്യ ഗെയിം അവസാനിച്ചപ്പോൾ പ്രഗ്നാനന്ദയ്ക്ക് 14 സെക്കന്റ് മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. എന്നാൽ കാൾസന് രണ്ട് മിനിറ്റും 35 സെക്കന്റും ബാക്കി ഉണ്ടായിരുന്നു.
രണ്ടാം ഗെയിമിലും കാൾസന്റെ നീക്കങ്ങൾ വേഗത്തിലായിരുന്നു. കാൾസന്റെ ആദ്യ നീക്കങ്ങൾ മികച്ചതായിരുന്നു. പ്രഗ്നാന്ദയുടെ ചില നീക്കങ്ങൾ കാൾസന്റെ കരുക്കളെ വെട്ടാൻ കഴിഞ്ഞു. പക്ഷേ സമയത്തിലടക്കം കാൾസൻ മുന്നിലായിരുന്നു. ഒടുവിൽ രണ്ടാം റാപ്പിഡ് ഗെയിം സമനില ആയി. ഇതോടെ ആദ്യ ഗെയിമിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കാൾസൻ ലോകകിരീടം സ്വന്തമാക്കുക ആയിരുന്നു.