/sathyam/media/media_files/COZEZocTs1j6t5l1M3Wj.jpeg)
എടത്വ ∙ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ മൂന്നും നാലും പ്രാവശ്യം അക്ഷയ കേന്ദ്രത്തിലും സ്കൂളിലും കെഎസ്ആർടിസി ഡിപ്പോയിലുമായി കയറിയിറങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ സീസൺ വരെ കെഎസ്ആർടിസി ഡിപ്പോയിലെത്തി 5 രൂപ നൽകി അപേക്ഷ വാങ്ങി പൂരിപ്പിച്ച് സ്കൂൾ അധികൃതരെക്കൊണ്ട് ഒപ്പും സീലും വാങ്ങി ഡിപ്പോയിൽ തിങ്കൾ, ബുധൻ, വെള്ളി തുടങ്ങിയ ഏതെങ്കിലും ദിവസങ്ങളിൽ സമർപ്പിച്ചാൽ മതിയായിരുന്നു. ഓൺലൈൻ അപേക്ഷയായതോടെ അക്ഷയ കേന്ദ്രത്തിൽ എത്തി സ്കൂളിന്റെയും കുട്ടിയുടെയും വിവരങ്ങൾ നൽകണം. ഇതിന് 80 രൂപ വരെ ഫീസ് നൽകുകയും വേണം. അവിടെ നിന്നും കിട്ടുന്ന രേഖകൾ സ്കൂളിൽ എത്തിച്ച് കെഎസ്ആർടിസി സൈറ്റിൽ എൻട്രി ചെയ്യണം.
എത്ര തുക അടയ്ക്കണം എന്ന സന്ദേശം ഫോണിലേക്ക് എത്തും. ഈ തുക വീണ്ടും അക്ഷയ കേന്ദ്രത്തിൽ എത്തിയോ ഗൂഗിൾ പേ വഴിയോ അടയ്ക്കണം പണം അടച്ചു കഴിയുമ്പോൾ കൺസഷൻ ടിക്കറ്റ് എന്നു ലഭിക്കും എന്ന് അറിയിച്ചുള്ള സന്ദേശം വരും. അതനുസരിച്ച് ഡിപ്പോയിൽ എത്തി ടിക്കറ്റ് വാങ്ങുകയാണ് ചെയ്യേണ്ടത്. എന്നാൽ സ്കൂൾ അധികൃതർക്ക് സൈറ്റിൽ കയറാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മണിക്കൂറുകൾ കാത്തിരുന്നാൽ പോലും സൈറ്റ് ഓപ്പൺ ആകുന്നില്ല. കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. കൂടുതൽ ആളുകൾ സൈറ്റ് ഓണാക്കാൻ ശ്രമിക്കുന്നതു കൊണ്ട് സൈറ്റ് ജാം ആകുന്നതാണ് എന്നാണ് അധികൃതർ പറയുന്നത്. ദിവസങ്ങൾ കഴിഞ്ഞാലും കൺസഷൻ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us