നിർമ്മാണ നിരോധനം പിൻവലിക്കണം : ഡീൻ കുര്യാക്കോസ് എം.പി

സർക്കാർ ജാഗ്രതയോടെ ഈ വിഷയത്തിൽ ഇടപെടണം. ഈ ഉത്തരവ് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് എത്രയും വേഗം സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

New Update
കേരളത്തെ അവഗണിച്ച ബഡ്ജറ്റെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി : ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കളക്ട്രറ്റിൽ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് എം.പി ആവശ്യം ഉന്നയിച്ചത്.

Advertisment

ജില്ലയിലെ വികസന പ്രവർത്തനങ്ങളെയും പുരോഗതിയെയും ഈ ഉത്തരവ് ബാധിക്കും. നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം കൂടിയാണ് ഇത്. ഇടുക്കിയിലെ ജനപ്രതിനിധി എന്ന നിലയിൽ നിർമ്മാണ നിരോധന വിഷയത്തിൽ ഹൈക്കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ടെന്നും എം.പി അറിയിച്ചു.

സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതോടെ ഭാവിയിൽ ഈ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും ഇടുക്കി ജനതക്ക് അനുകൂലമായ വിധി ഉണ്ടാകാനുള്ള സാധ്യതയും അടഞ്ഞിരിക്കുകയാണ്. ഇപ്പോൾ 13 പഞ്ചായത്തിൽ മാത്രമാണ് നിരോധനമെങ്കിലും ഭാവിയിൽ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന വിധി നൽകുന്നതിന് ഈ ഉത്തരവ് കാരണമാകും.

സർക്കാർ ജാഗ്രതയോടെ ഈ വിഷയത്തിൽ ഇടപെടണം. ഈ ഉത്തരവ് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് എത്രയും വേഗം സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

കൊച്ചി മൂന്നാർ റോഡ് വികസന പദ്ധതി  പൂർത്തീകരിക്കുന്നതിനും ,പോരായ്മകൾ പരിഹരിക്കുന്നതിനും  സംസ്ഥാന സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ത്വരിതഗതിയിലാക്കണമെന്നും  എംപി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു . നേര്യമംഗലം മുതൽ വാളറ വരെ പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയിൽ വനം വകുപ്പ് അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ഭൂമി റവന്യു വകുപ്പിന്റെ കൈവശമുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.

30 മീറ്ററോളം റോഡ് വികസനത്തിന്‌ ഈ ഭൂമി ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകുവാനുള്ള വനം വകുപ്പിന്റെ നീക്കം സർക്കാർ തലത്തിൽ ചർച്ച ചെയ്തു പരിഹരിച്ചതായും എംപി പറഞ്ഞു.

ചിന്നക്കനാൽ പഞ്ചായത്തിലെ കട്ടാന ആക്രമണവും എംപി യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ദ്രുതകർമ്മ സേനയുടെ പ്രവർത്തനം ആവശ്യ സമയത്ത് ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എന്നും , ഒമ്പതോളം ആനകൾ മേഖലയിൽ വിഹരിച്ചപ്പോൾ  അവയെ തുരത്താൻ പ്രദേശവാസികൾ ശ്രമിക്കുകയും ഇതിനിടയിൽ കണ്ണൻ എന്ന ആദിവാസി യുവാവ് ആനയുടെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെടുകയുമാണുണ്ടായത്.   ദ്രുത കർമ്മ സേനയുടെ സേവനം റോഡിലൂടെ മാത്രമല്ല ആനകൾ ഇറങ്ങുന്നിടങ്ങളിലാണ് വേണ്ടതെന്നും  എം.പി വനം വകുപ്പിനോട്‌ ആവശ്യപ്പെട്ടു.

ദേശിയ പാതയുടെ വശങ്ങളിൽ അപകടകരമായ മരങ്ങൾ വെട്ടി നീക്കം ചെയ്യുന്നതിന് മുൻ കളക്ടർ വനം വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും എംപി വനം വകുപ്പിന് നിർദ്ദേശം നൽകി.

മഴക്കാലത്ത് മരം കടപ്പുഴകി വീണ് അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം വനം വകുപ്പിന് മാത്രമായിരിക്കുമെന്ന മുന്നറിയിപ്പും കളക്ടർ നൽകി. മരം മുറിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചതായും കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഇത് പൂർത്തീകരിക്കുമെന്നും വനം വകുപ്പ് പ്രതിനിധി യോഗത്തെ അറിയിച്ചു.ഈ മഴക്കാലം തുടങ്ങിയതിന് ശേഷം ഇടുക്കി ജില്ലയിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ സ്ഥിതി വിവര കണക്കുകൾ പൂർത്തീകരിച്ചു റിപ്പോർട്ട് രൂപത്തിൽ അടുത്ത യോഗത്തിൽ അവതരിപ്പിക്കണമെന്നു റവന്യു, കൃഷി വകുപ്പ് പ്രതിനിധികൾക്ക് എംപി നിർദ്ദേശം നൽകി.

വട്ടവട പഞ്ചായത്തിൽ ചിലന്തിയാർ വട്ടവട റോഡ് പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തികരിച്ചു മാസങ്ങൾ ആയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്ന കാര്യവും പൊതുമരാമത്ത് വകുപ്പിനെ എംപി അറിയിച്ചു. എത്രയും വേഗത്തിൽ റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്ന് എംപി വകുപ്പിന് നിർദ്ദേശം നൽകി.തൊടുപുഴ നഗരസഭയിലെ ഗതാഗത തടസം പരിഹരിക്കുന്നതുള്ള നടപടികൾ സ്വീകരിക്കുവാനും,ടൗണിലൂടെ മാലിന്യങ്ങൾ ഒഴുകുന്നത് തടയണമെന്നും  ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ നിർദ്ദേശിച്ചു.