Advertisment

സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ദ്രവമാലിന്യ സംസ്കരണ പ്ലാന്‍റ് കാസര്‍കോട് സ്ഥാപിച്ചു

സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാളികേരസംസ്കരണ വ്യവസായം അതിവേഗം വളരുന്ന സൂഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളിലൊന്നാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പുറമെ വലിയ കയറ്റുമതി സാധ്യതകളുള്ള മേഖലയുമാണ്.

New Update
rtyujhgftyuikjhtr
കാസര്‍കോട്: സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) വികസിപ്പിച്ച സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ നാളികേര സംസ്കരണ വ്യവസായത്തിന് ആവശ്യമായ അത്യാധുനിക ദ്രവമാലിന്യ സംസ്കരണ പ്ലാന്‍റ് (ഇടിപി) കാസര്‍കോട് വിട്ടല്‍ അഗ്രോ ഇന്‍ഡസ്ട്രീസില്‍ സ്ഥാപിച്ചു.
Advertisment
 

നാളികേരസംസ്കരണ വ്യവസായവുമായി (ഡെസിക്കേറ്റഡ് കോക്കനട്ട്) ബന്ധപ്പെട്ട് പുറന്തള്ളുന്ന ദ്രവവസ്തുക്കള്‍ സംസ്കരിക്കുന്നതിനുള്ള ബുയോയന്‍റ് ഫില്‍റ്റര്‍ ബയോ റിയാക്ടര്‍ (ബിഎഫ്ബിആര്‍) ആണ് കാസര്‍കോട്ട് സ്ഥാപിച്ചത്.
 

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീകല എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. നാളികേരസംസ്കരണ വ്യവസായത്തിലെ പാഴ്ജല സംസ്കരണ പ്രശ്നങ്ങളെക്കുറിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. അതിനുള്ള പരിഹാരമായി എന്‍ഐഐഎസ്ടി എന്‍വയോണ്‍മെന്‍റ് ടെക്നോളജി ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ ബുയോയന്‍റ് ഫില്‍റ്റര്‍ ബയോ റിയാക്ടര്‍ വികസിപ്പിച്ചെടുത്തത് അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ സംരംഭകര്‍ ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നാളികേരസംസ്കരണ വ്യവസായം അതിവേഗം വളരുന്ന സൂഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങളിലൊന്നാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പുറമെ വലിയ കയറ്റുമതി സാധ്യതകളുള്ള മേഖലയുമാണ്.


ഒരു നാളികേരവ്യവസായ യൂണിറ്റില്‍ നിന്ന് പ്രതിദിനം ഏകദേശം 60,000 ലിറ്റര്‍ വെള്ളം പാഴ്ജല രൂപത്തില്‍ പുറന്തള്ളുന്നുണ്ട്. ബയോഗ്യാസ് പ്ലാന്‍റിലൂടെ കടത്തിവിട്ട് ഈ ജലം സംസ്ക്കരിക്കുന്നതിലൂടെ 50,000 ലിറ്റര്‍ വെള്ളം മലിനാംശങ്ങള്‍ മാറ്റി ശുദ്ധീകരിച്ചെടുക്കാന്‍ സാധിക്കും.
 

എന്‍ഐഐഎസ്ടി എന്‍വയോണ്‍മെന്‍റ് ടെക്നോളജി ഡിവിഷനിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ബുയോയന്‍റ് ഫില്‍റ്റര്‍ ബയോ റിയാക്ടര്‍ വികസിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ ടെക്നോളജി മിഷന്‍ ഡിവിഷന്‍റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്‍റെയും (സിഡിബി) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും (കെഎസ്പിസിബി) പിന്തുണയും ഇതിനുണ്ട്.
 

കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി 150 ഓളം നാളികേര വ്യവസായ യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ യൂണിറ്റിലും പ്രതിദിനം ഒരു ലക്ഷത്തോളം നാളികേരം ഉപയോഗിക്കും. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ നാളികേര പാനീയത്തിന്‍റെ സംസ്ക്കരണം ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഈ പ്രശ്നത്തിനുള്ള സുസ്ഥിര പരിഹാരമായാണ് എന്‍ഐഐഎസ്ടി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.


വ്യവസായ മാലിന്യങ്ങളും എണ്ണയും കൊഴുപ്പും അടങ്ങിയ നാളികേര പാനീയവും സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ നിലവില്‍ കുറവാണ്. പരമ്പരാഗത മലിനജല ശുദ്ധീകരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഐഐഎസ്ടി വികസിപ്പിച്ച നൂതന ബയോപ്രോസസ് ബയോ എനര്‍ജി പ്ലാന്‍റിലൂടെ മലിനജലത്തില്‍ നിന്ന് പുനരുപയോഗിക്കാന്‍ കഴിയുന്ന ഗുണമേന്‍മയുള്ള ജലം ലഭിക്കും.


യുഎസ് പേറ്റന്‍റ് നേടിയ ബുയോയന്‍റ് ഫില്‍റ്റര്‍ ബയോ റിയാക്ടര്‍ സങ്കീര്‍ണ്ണവും പല ഘടകങ്ങള്‍ അടങ്ങിയതുമായ പാഴ്ജലത്തിനെ സംസ്കരിക്കാനായി വികസിപ്പിച്ചെടുത്തതാണ്. ഈ സാങ്കേതികവിദ്യ ഇതിനകം അരി മില്ലുകള്‍, ഐസ്ക്രീം ഫാക്ടറികള്‍ തുടങ്ങിയ യൂണിറ്റുകളില്‍ വാണിജ്യപരമായി പ്രയോഗിച്ചിട്ടുണ്ടെങ്കിലും നാളികേര വ്യവസായ യൂണിറ്റുകളില്‍ ഇത് ആദ്യമായാണ്.


നാളികേര വ്യവസായ യൂണിറ്റില്‍ നടപ്പിലാക്കിയ ഇടിപി പദ്ധതിയിലൂടെ സമാന വ്യവസായങ്ങളേയും ഇതിന്‍റെ ഭാഗമാകാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഡോ. അനന്തരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതിന് പാഴ്ജല സംസ്കരണ മേഖലയിലെ കൂടുതല്‍ വ്യവസായങ്ങള്‍ക്കായി സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി തിരയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ കെഎസ്പിസിബി മുന്‍ ചെയര്‍മാനും സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി മുന്‍ ചീഫ് സയന്‍റിസ്റ്റുമായ ഡോ. അജിത് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രൊഫ. വിന്‍സെന്‍റ് മാത്യു വിശിഷ്ടാതിഥിയായിരുന്നു. കെഎസ്പിസിബി മെമ്പര്‍ സെക്രട്ടറി ഡോ. ഷീല എ എം,  സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റ് ഡോ. മാധവന്‍ നമ്പൂതിരി കെ, വിട്ടല്‍ അഗ്രോ ഇന്‍ഡസ്ട്രീസ് മാനേജിംഗ് പാര്‍ട്ണര്‍ എസ് കമ്മത്ത് എന്നിവര്‍ സംസാരിച്ചു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റ് ഡോ. സി കേശവചന്ദ്രന്‍ സ്വാഗതവും സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ബി. കൃഷ്ണകുമാര്‍ നന്ദിയും രേഖപ്പെടുത്തി.


ഡി.എസ്.ടി.യിലെ ശാസ്ത്രജ്ഞനായ ഡോ. ജി.വി രഘുനാഥ് റെഡ്ഡി, സിഡിബി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) ദീപ്തി നായര്‍ എസ്, സിആര്‍ടിഡിഎച്ച് - ഡിഎസ്ഐആര്‍ മേധാവി ഡോ.വിപിന്‍ ചന്ദ്ര ശുക്ല എന്നിവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു.

Advertisment