Advertisment

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷവും അക്ഷരാര്‍പ്പണവും

ഡി സി ബുക്‌സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ സാംസ്‌കാരികനഗരിക്ക്  അക്ഷരാര്‍പ്പണം എന്ന പരിപാടിയും സംഘടിപ്പിക്കും.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
rtyujhgfrtyuilkuyt
തൃശൂര്‍: വായനയുടെയും അറിവിന്റെയും മലയാളിലോകം വളര്‍ത്തിക്കൊണ്ട്  50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തൃശൂര്‍വേദിയാകുന്നു. സെപ്റ്റംബര്‍ ഏഴിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
Advertisment
വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ ബെന്യാമിന്‍ അധ്യക്ഷത വഹിക്കും. ഡി സി ബുക്‌സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ സാംസ്‌കാരികനഗരിക്ക്  അക്ഷരാര്‍പ്പണം എന്ന പരിപാടിയും സംഘടിപ്പിക്കും. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ ആഘോഷം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.
സുവര്‍ണജൂബിലിയോടനുബന്ധിച്ച് നോവല്‍, കവിത, ലേഖനം, ചരിത്രം, ഓര്‍മ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട 17 പുസ്തകങ്ങളുടെ പ്രകാശനവുമുണ്ട്. നോവല്‍വിഭാഗത്തില്‍ഇ. സന്തോഷ് കുമാര്‍(തപോമയിയുടെ അച്ഛന്‍), മനോജ് കുറൂര്‍(മണല്‍പ്പാവ) എന്നിവരുടെ പുസ്തകങ്ങള്‍പ്രകാശനം ചെയ്യും. കവിതാ വിഭാഗത്തില്‍കെ. സച്ചിദാനന്ദന്‍ (പഹാഡി ഒരു രാഗം മാത്രമല്ല), ബാലചന്ദ്രന്‍ ചുള്ളിക്കാട് (മറക്കാമോ), എസ്. രാഹുല്‍ (പറങ്കി), കാര്‍ത്തിക് കെ. (ക്ലിങ്), റാഷിദ നസ്രിയ (ഉടലുരുകുന്നതിന്റെ മണം), പ്രവീണ കെ. (കുന്നിന്റെ ഉച്ചിയില്‍കാറ്റിന്റെ തുഞ്ചത്ത്), സജിന്‍ പി.ജെ. (മറിയാമ്മേ നിന്റെ കദനം), അഭിരാം എസ്. (ഗോപുരലിപി), ജിഷ്ണു കെ.എസ്. (കാഴ്ചകളുടെ ചെരിവുകള്‍) എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ലേഖനവിഭാഗത്തില്‍ആനന്ദിന്റെ രക്തവും സാക്ഷികളും എന്ന പുസ്തകവും ചരിത്രവിഭാഗത്തില്‍ രാമചന്ദ്ര ഗുഹ (വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ), സുധാ മേനോന്‍ (ഇന്ത്യ എന്ന ആശയം), ഷുമൈസ് യു. (വയനാടന്‍പാരിസ്ഥിതിക ചരിത്രം പ്രാചീന കാലഘട്ടം മുതല്‍ ചൂരല്‍മല വരെ) ഓര്‍മക്കുറിപ്പുവിഭാഗത്തില്‍ സല്‍മൻ റുഷ്ദി (നൈഫ്), കൊണ്ടപ്പള്ളി കോടേശ്വരമ്മ (കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്‌സല്‍ജീവിതം) എന്നിവരുടെ പുസ്തകങ്ങളുമാണ് പ്രകാശനത്തിനുള്ളത്. ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി നോവല്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപനം ടി.ഡി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.
വൈകിട്ട് ആറിന് നടക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ഉദ്ഘാടനം ചെയ്യും. കെ. സച്ചിദാനന്ദന്‍അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ‘ചരിത്രവും സാഹിത്യവും സംഗമിക്കുന്നയിടം’ എന്ന വിഷയത്തില്‍ രാമചന്ദ്ര ഗുഹ സുവര്‍ണ്ണജൂബിലി പ്രഭാഷണം നടത്തും. എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. ‘ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ പ്രിയ ഗാനരചയിതാക്കളായ പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി കുറുപ്പ്, യൂസഫലി കേച്ചേരി എന്നിവര്‍ക്കുള്ള ആദരമായി ഗാനാര്‍പ്പണം അരങ്ങേറുമെന്ന് ഡി സി ബുക്‌സ് സിഇഒ രവി ഡി സി, പബ്ലിക്കേഷന്‍ മാനേജര്‍ ഏ.വി. ശ്രീകുമാര് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Advertisment