ഇടുക്കി ജില്ലയിൽ പനിയുടെ കണക്ക് ഉയർന്നുതന്നെ. ആശുപത്രികളിൽ പനിബാധിതരുടെ തിരക്കാണ്.സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.
വൈറൽ പനിയാണു വ്യാപിക്കുന്നത്. പലയിടങ്ങളിലും ആശങ്കാജനകമായ വിധം ഡെങ്കിപ്പനി വ്യാപനവുമുണ്ട്. വൈറൽ പനി ബാധിച്ച് ഇന്നലെ 432 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജില്ലയിൽ ഈ മാസം 2755 പേർ പനിയെത്തുടർന്നു ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ഇന്നലെ ജില്ലയിൽ 5 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഇതിനോടകം 39 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവരും ഏറെയുണ്ട്. ഈ മാസം രണ്ടു പേർക്ക് എലിപ്പനിയും രണ്ടു പേർക്ക് എച്ച്1 എൻ1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.