ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ നിരവധി കാറുകൾ ഈ ഇന്ധനം പിന്തുണയ്ക്കുന്ന വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലെക്സ് ഇന്ധനത്തിന്‍റെ സഹായത്തോടെ, പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. പെട്രോളിൽ മെഥനോൾ അല്ലെങ്കിൽ എത്തനോൾ കലർത്തിയാണ് ഇത് തയ്യാറാക്കുന്നത്. E20 വരും ദിവസങ്ങളിൽ E50 ആയി മാറും.
E20 എന്നത് പെട്രോളിന്‍റെ ഒരു ഫോർമാറ്റാണ്. പെട്രോളിനേക്കാൾ വില കുറവാണിതിന്. E20 പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തിയിരിക്കുന്നു. 2025 ഓടെ ഈ അളവ് ഇരട്ടിയാക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ജിയോ-ബിപിയാണ് എഥനോൾ മിക്സ് പെട്രോൾ വിപണിയിൽ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ കമ്പനി. ജിയോ-ബിപിയുടെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ E20 പെട്രോളും ലഭ്യമായിത്തുടങ്ങി.
എഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എത്തനോൾ (C2H5OH) പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഒരു ജൈവ ഇന്ധനമാണ്. ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഈ ജൈവ ഇന്ധനം പെട്രോളുമായി കലർത്താൻ ഇന്ത്യ എത്തനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പ്രോഗ്രാം ആരംഭിച്ചു. E20 സൂചിപ്പിക്കുന്നത് 20 ശതമാനം എത്തനോളിന്‍റെയും 80% പെട്രോളിന്‍റെയും മിശ്രിതമാണ് എന്നാണ്. E20 ലെ നമ്പർ 20 എന്നത് ഗ്യാസോലിൻ മിശ്രിതത്തിലെ എത്തനോളിന്‍റെ അനുപാതത്തെ സൂചിപ്പിക്കുന്നു. അതായത് എണ്ണം കൂടുന്തോറും പെട്രോളിലെ എത്തനോളിന്‍റെ അനുപാതം കൂടും.
ജിയോ ബിപി തയ്യാറാക്കിയ E20 പെട്രോളിൽ 80 ശതമാനം പെട്രോളും 20 ശതമാനം എത്തനോളും അടങ്ങിയിരിക്കുന്നു. ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 96 രൂപയാണ്. അതായത് 96 രൂപ നിരക്കിൽ 80ശതമാനം പെട്രോളിൻറെ വില 76.80 രൂപയായി മാറുന്നു. അതുപോലെ എഥനോളിന് ലിറ്ററിന് 55 രൂപ വരെയാണ് വില. അതായത്, 55 രൂപയിൽ, 20 ശതമാനം എത്തനോളിന്‍റെ വില 11 രൂപയായി മാറുന്നു. അതായത് ഒരു ലിറ്റർ E20 പെട്രോളിൽ 76.80 രൂപ വിലയുള്ള സാധാരണ പെട്രോളും 11 രൂപ വിലയുള്ള എത്തനോളും ഉൾപ്പെടുന്നു. ഈ രീതിയിൽ ഒരു ലിറ്റർ E20 പെട്രോളിന്‍റെ വില 87.80 രൂപയായി മാറുന്നു. അതായത് സാധാരണ പെട്രോളിനേക്കാൾ 8.20 രൂപ കുറവായിരിക്കും എന്ന് ചുരുക്കം.