ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക രോഗമാണിത്. അതേസമയം ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.
ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്ലാസന്റൈല്‍ ഹോര്‍മോണുകള്‍ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനിയന്ത്രിതതമായി ഉയരുന്നതിനും കാരണമാകുന്നു. പൊണ്ണത്തടി, വൈകിയുള്ള ഗര്‍ഭധാരണം, ജനിതക പാരമ്പര്യം തുടങ്ങിയവയും ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇതിന് പുറമേ അനാരോഗ്യകരമായ ജീവിതക്രമവും മോശം ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
ഗര്‍ഭകാല പ്രമേഹത്തെ സാധാരണ പ്രമേഹ അവസ്ഥ പോലെ പരിഗണിച്ചാല്‍ അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാക്രോസോമിയ (ജനന സമയത്ത് ഭാര കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ), ഹൈപ്പോഗ്ലൈസീമിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ഗര്‍ഭകാല പ്രമേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കൃത്യമായി രോഗ നിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്‌ക്രീനിംഗും രോഗനിര്‍ണയവും സാധാരണയായി ഗര്‍ഭാവസ്ഥയുടെ 24 മുതല്‍ 28 ആഴ്ചകള്‍ക്കിടയിലാണ് നടത്തേണ്ടത്. അമിതഭാരം, കുടുംബത്തില്‍ പ്രമേഹ പാരമ്പര്യം ഉള്ളവര്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ നേരത്തെ തന്നെ ചെയ്യാറുണ്ട്.
അതേസമയം ചിലരില്‍ ഗര്‍ഭകാല പ്രമേഹം സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമായി മാറാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കള്‍ക്ക് ഭാവിയില്‍ അമിത വണ്ണവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്