Advertisment

അപസ്മാരത്തി​ന്റെ ലക്ഷണങ്ങളും ചികിത്സയും മനസ്സിലാക്കാം....

ഈ അവസ്ഥയിൽ കുട്ടികൾ കുറച്ചു നിമിഷങ്ങളോ, അല്ലെങ്കിൽ ഒന്നോ രണ്ടോ മിനിറ്റുകളോ ചലനമില്ലാതെ തുറിച്ചുനോക്കി നിൽക്കുന്നതായി കാണാം. ക്ലാസ്‌മുറികളിൽ ഈ സമയത്ത് ഇവർ പഠനത്തിൽ ശ്രദ്ധക്കുറവ് കാണിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് സർവസാധാരണമാണ്.

New Update
gfdfghjkjhgffghjk

 കുട്ടികളിലും പ്രായമായവരിലുമാണ് അപസ്മാരം കൂടുതലായി കാണുന്നത്. ഒന്നിലധികം തവണ കോട്ടൽ(ജെന്നി, ചുഴലി) വന്നാൽ അപസ്മാരം എന്ന്‌ ഈ രോഗാവസ്ഥയെ വിളിക്കാം. ഇതു പലതരത്തിൽ പ്രത്യക്ഷപ്പെടാം. കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്നത് ‘അഭാവസന്നി’യാണ്. ഈ അവസ്ഥയിൽ കുട്ടികൾ കുറച്ചു നിമിഷങ്ങളോ, അല്ലെങ്കിൽ ഒന്നോ രണ്ടോ മിനിറ്റുകളോ ചലനമില്ലാതെ തുറിച്ചുനോക്കി നിൽക്കുന്നതായി കാണാം. ക്ലാസ്‌മുറികളിൽ ഈ സമയത്ത് ഇവർ പഠനത്തിൽ ശ്രദ്ധക്കുറവ് കാണിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് സർവസാധാരണമാണ്.

Advertisment

അധ്യാപകർ പഠിപ്പിക്കുന്ന സമയത്ത്, അല്ലെങ്കിൽ പാഠ്യവിഷയങ്ങൾ എഴുതേണ്ട സമയത്ത് ഇവർ കുറച്ചു സമയത്തേക്ക് സ്ഥലകാല ബോധമില്ലാത്ത ഒരു അവസ്ഥയിൽ ആയതുകൊണ്ട് പതിയെ ഇവർ പഠനത്തിൽ പിന്നിലേക്കു പോകുന്നതായി കാണാറുണ്ട്. എന്നാൽ, മരുന്നുതുടങ്ങുന്നതോടെ ഇതിനെ പൂർണമായും നിയന്ത്രിക്കാം. 2-3 വർഷത്തെ ചികിത്സയ്ക്കുശേഷം ഭൂരിഭാഗം കേസുകളിലും മരുന്നും പൂർണമായി നിർത്താനാവും. കുട്ടിക്കാലത്തു കാണുന്ന പല അപസ്മാരങ്ങളും സമയബദ്ധമായി രോഗനിർണയം നടത്തുകയാണെങ്കിൽ അവയെ മുഴുവനായും ചികിത്സിച്ചുമാറ്റാം. ബുദ്ധിമാന്ദ്യം, ഓട്ടിസം, ജനിതകവൈകല്യങ്ങൾ, ചില തലച്ചോറിലെ മുഴകൾ എന്നിവ കൊണ്ടുണ്ടാകുന്ന ജെന്നി മുമ്പു പറഞ്ഞതുപോലെ എളുപ്പത്തിൽ ചികിത്സിച്ചുമാറ്റാൻ പറ്റിയെന്നു വരില്ല. എന്നാൽ, പുതിയതരം മരുന്നുകളും ശസ്ത്രക്രിയപോലുള്ള മറ്റു ചികിത്സാരീതികളും അവശ്യമായ തെറാപ്പികളുംകൊണ്ട് ഇവയെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താനാവും.

മുതിർന്നവരിൽ പക്ഷാഘാതം(stroke) മേധാക്ഷയം(dementia) ലവണങ്ങളിലെ ഏറ്റക്കുറച്ചിൽ(metabolic) മുഴകൾ(brain tumor) വൃക്ക ക്ഷയിക്കൽ(renal failure) എന്നീ വിവിധതരം കാരണങ്ങൾകൊണ്ട് അപസ്മാരം വരാം. രോഗത്തിന്റെ ഒരു പാർശ്വഫലമായാണ് ഇത് കാണപ്പെടുന്നത്. അപസ്മാരത്തിനു കൊടുക്കുന്ന പല മരുന്നുകളും ഏറെ ശ്രദ്ധയോടെ മാത്രമേ പ്രായമുള്ളവർക്ക് കൊടുക്കാനാവൂ.

ടെമ്പറൽ ലോബ് എപ്പിലെപ്പ്‌സി, ഫ്രണ്ടൽ ലോബ് എപ്പിലെപ്പ്‌സി എന്നിങ്ങനെ ചില പ്രത്യേകതരം അപസ്മാരങ്ങളുമുണ്ട്. ഇവരിൽ നല്ലൊരു വിഭാഗത്തിനും ജെന്നിയുടെ ആരംഭത്തിൽത്തന്നെ ചില സൂചനകൾ ലഭിക്കും. ഭയംവരുക, വയറ്റിൽ ഒരു ആളൽ അനുഭവപ്പെടുക, പഴയകാലത്ത് നടന്ന സംഭവങ്ങൾ ഒരു മിന്നായംപോലെ മനസ്സിലൂടെ വരുക, ചില മണങ്ങൾ ഉള്ളതായി തോന്നുക എന്നിങ്ങനെ. ഇതിനെ ‘ഓറ’ എന്നു വിശേഷിപ്പിക്കാം. ഇതേത്തുടർന്ന്‌ രോഗിക്ക് ചെയ്യുന്ന പ്രവൃത്തികൾ ഓർമയുണ്ടാകില്ല. തുറിച്ചുനോക്കുക, ചവയ്ക്കുക, കൈകൾ കൊണ്ട് അവിടെയും ഇവിടെയും ആവശ്യമില്ലാതെ പിടിക്കുക, ഗതിമാറി നടക്കുക, പിച്ചും പേയും പറയുക എന്നിവയാണ്‌ ലക്ഷണങ്ങൾ. ചെറിയ ശതമാനം പേർ തീവ്രമായ ലക്ഷണങ്ങൾ പ്രകടമാക്കുന്നു.

അപസ്മാരമുള്ള സ്ത്രീകൾക്ക് വിവാഹം കഴിക്കുന്നതിനോ, ഗർഭം ധരിക്കുന്നതിനോ കുഴപ്പമില്ല. ക്രമമായി മരുന്നുകൾ കഴിക്കുകയും ഒരു ന്യൂറോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും കൃത്യമായിട്ടുള്ള പരിചരണത്തിലും പ്രത്യേക സംരക്ഷണയിലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനും മുലയൂട്ടാനും കഴിയും.

അപസ്മാരം ചികിത്സിച്ചു മറ്റാവുന്ന രോഗമാണ്. ഇതു തലമുറകളായി ഒരു കുടുംബത്തെയും ബാധിക്കുന്ന ഒന്നല്ലെന്നും രോഗം വരുന്ന ഒന്നോ രണ്ടോ മിനിറ്റുകൾ ഒഴിച്ചാൽ ഇവർക്ക് സാധാരണക്കാരെപ്പോലെ ജീവിക്കാൻ സാധിക്കുമെന്നും അടിവരയിട്ടു പറയാം. പഠനത്തെയോ ജോലി സമ്പാദിക്കുന്നതിനോ, വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ (ഒരു ഡോക്ടറുടെ നിർദേശപ്രകാരം) മിക്കവാറും ആളുകൾക്കും സാധിക്കും.

diagnosis-and-treatment-for-epilepsy
Advertisment