New Update
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച വിനോദസഞ്ചാരമേഖലകളെ മാനുഷികസ്പര്‍ശമുള്ള വിപണനപദ്ധതികളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും തിരിച്ചുകൊണ്ടുവരാനാകുമെന്ന് കൊച്ചിയില്‍ നടക്കുന്ന കേരളാ ട്രാവല്‍ മാര്‍ട്ടിനെത്തിയ (കെടിഎം) വിദേശപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
Advertisment
വയനാട് പോലെയുള്ളൊരു ദുരന്തബാധിതപ്രദേശത്തുള്ളവര്‍ക്ക് മാനസിക, സാമ്പത്തിക പിന്തുണ കൊടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് അമേരിക്കയിലെ സ്റ്റോറീഡ് ട്രാവലിനെ പ്രതിനിധീകരിച്ചെത്തിയ സോഫിയ കാല്‍വിന്‍ പറഞ്ഞു. വീണ്ടും സഞ്ചാരികളെത്തുന്നത് പ്രദേശവാസികള്‍ക്ക് തങ്ങളുടെ നാടിനെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍ പ്രേരണയാകുമെന്നും അവര്‍ പറഞ്ഞു. ഇവിടേക്ക് സഞ്ചാരികളെത്തുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തികനേട്ടം പുനഃനിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും സഹായിക്കും. ആദ്യമായി കെടിഎമ്മിന് എത്തിയ സോഫിയ പറഞ്ഞു. ദുരന്തം കഴിഞ്ഞ് കാര്യങ്ങള്‍ സാധാരണഗതിയിലാകാന്‍ കുറച്ച് കാലതാമസമുണ്ടെങ്കിലും ആ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പിന്തുണ കൊടുക്കേണ്ടത് തങ്ങളെപ്പോലെയുള്ളവരുടെ ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു.
കേരളത്തിലെ സ്വതന്ത്രസഞ്ചാരവും (ഫിറ്റ്-ഫ്രീ & ഇന്‍ഡിപെന്‍ഡന്‍റ് ട്രാവല്‍), സൗഖ്യസഞ്ചാരവും (വെല്‍നെസ്സ് ട്രാവല്‍) കേന്ദ്രീകരിച്ചാണ് സോഫിയയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആയൂര്‍വേദ മേഖലകളില്‍ പങ്കാളികളെയും അവര്‍ തേടുന്നുണ്ട്. വിശാലമായ അവസരങ്ങളാണ് കെടിഎം ഒരുക്കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ബോട്സ്വാനയിലെ ട്രീക്കാട്രാവലിന്‍റെ ആഗോള സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഹേസല്‍ ഷോസയ്ക്കും പ്രകൃതിദുരന്തങ്ങള്‍ പ്രദേശത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ കെടുത്തില്ല എന്ന അഭിപ്രായമാണുള്ളത്. ഇത്തരം പ്രദേശങ്ങള്‍ക്ക് പ്രചരണം നല്‍കാനും സഞ്ചാരികളുടെ ഭയം അകറ്റാനും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു. പരിസ്ഥിതിലോല പ്രദേശങ്ങളിലെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്ന രീതിയാണ് ബോട്സ്വാനയിലെ വിനോദസഞ്ചാര മേഖല പിന്തുടരുന്നതെന്ന് അവര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് തങ്ങളുടെ രാജ്യം വലിയ പ്രധാന്യം നല്‍കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലെ അമിത തിരക്ക് അനുവദിക്കാറില്ല. 'അളവ് കുറവ്, ഏറിയ ഗുണമേന്മ' എന്ന ആശയമാണ് തങ്ങള്‍ പിന്തുടരുന്നതെന്നും ഷോസ പറഞ്ഞു. ആയൂര്‍വേദം പോലെയുള്ള പരമ്പരാഗത സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജുകളുടെ സാധ്യത തേടുമെന്നും അവര്‍ പറഞ്ഞു. ആഫ്രിക്കന്‍ സമൂഹങ്ങളില്‍ പാര്‍ശ്വഫലമുള്ള പാശ്ചാത്യചികിത്സാരീതികള്‍ കാരണമുള്ള പ്രശ്നങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബള്‍ഗേറിയയിലെ ഗെര്‍മെസ് ഹോളിഡേയ്സിലെ ടൂര്‍ ഓപ്പറേറ്റര്‍ റാലിക്ക ഏയ്ഞ്ചലോവ തന്‍റെ അടുത്ത കേരള യാത്രയില്‍ വയനാട് സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ വിനോദസഞ്ചാരമേഖലയ്ക്കായി പുതിയ പ്രചരണതന്ത്രങ്ങള്‍ നടപ്പാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തന്‍റെ രാജ്യത്തേക്ക് ആവശ്യമുള്ള വിനോദസഞ്ചാര ഉത്പന്നങ്ങള്‍ തേടിയാണ് അവര്‍ കെടിഎമ്മില്‍ എത്തിയിട്ടുള്ളത്.
യു.കെ.യിലെ ഫാബുലീഷ്യസ് ട്രാവല്‍സിന്‍റെ ഏജന്‍റ് ഡെന്നീസ് ബെന്‍റ് 2023 ല്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ വച്ചാണ് കേരളത്തെക്കുറിച്ചറിഞ്ഞത്. വയനാട് സന്ദര്‍ശിക്കാനും തങ്ങളുടെ കമ്പനിയുടെ ടൂര്‍ പാക്കേജില്‍ വയനാടിനെ ഉള്‍പ്പെടുത്താനും അവര്‍ക്ക് പദ്ധതിയുണ്ട്.
വയനാട്ടിലെ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സഞ്ചാരികള്‍ക്ക് യാതൊരു ആശങ്കയുമുണ്ടാക്കിയിട്ടില്ലെന്ന് യു.കെ.യിലെ ഡെസ്റ്റിനോളജിയിലെ ട്രാവല്‍ എജന്‍റ് എലിയട്ട് ഹാവ്ത്രോണ്‍ പറഞ്ഞു. ലോകത്തിന്‍റെ ഏതുഭാഗങ്ങളിലാണെങ്കിലും ഇത്തരം പ്രതിസന്ധികളില്‍ നിന്നും തിരിച്ചുവരുന്നത് പ്രയാസമാണെങ്കിലും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഭയന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആഡംബരവിനോദസഞ്ചാരത്തിന്‍റെ സാധ്യതകളാണ് ഹാവ്ത്രോണ്‍ തേടുന്നത്.