കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ എ ഗോപാലകൃഷ്ണൻ വിരമിച്ചു. നീണ്ട 11 വർഷത്തെ കാലയളവിൽ സിഎംഎഫ്ആർഐക്ക് ജനകീയ മുഖം നൽകിയാണ് അദ്ദേഹം പടിയിറങ്ങിയത്. 2013 ജൂലൈ 31നാണ് സിഎംഎഫ്ആർഐ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റത്.
സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സമുദ്രമത്സ്യ ബന്ധനം, മത്സ്യകൃഷി, കൂടുകൃഷി, അലങ്കാരമത്സ്യ കൃഷി, കല്ലുമ്മക്കായ കൃഷി, കടൽപായൽ കൃഷി, വിപണനം തുടങ്ങി നിരവധി മേഖലകളിൽ സിഎംഎഫ്ആർഐ ഇവർക്ക് സംരംഭകത്വ പരിശീലനവും സാങ്കേതിക സഹായങ്ങളും നൽകി. ഇതിന്റെ ഫലമായി മത്സ്യമേഖലയിൽ നൂറുകണക്കിന് സ്ത്രീ സഹായക സംഘങ്ങൾ നിലവിൽ വന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ മത്സ്യമേഖലയിൽ ചെറുസംരംഭകരാക്കുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കി.
മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ ബോധിപ്പിക്കാനും പരിഹാരം തേടാനും ഏത് സമയത്തും സിഎംഎഫ്ആർഐയെ സമീപിക്കാനുള്ള അവസരം സൃഷ്ടിച്ചു. കൃത്യമായ ഇടവേളകളിൽ ഗുണഭോക്തൃ ശിൽപശാലകളിൽ നടത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ പരിഹരിക്കുന്നതിനുള്ള പഠനങ്ങൾ നടത്താനും തയ്യാറായി.
കടലിലെയും തീരപ്രദേശങ്ങളിലെയും കൂടുമത്സ്യകൃഷി കൂടുതൽ ജനകീയമാക്കുന്നതിനായി, വാണിജ്യപ്രാധാന്യമുള്ള 11 കടൽ മീനുകളുടെയും 18 അലങ്കാരമത്സ്യങ്ങളുടെയും കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിക്കാനായി. ദേശീയ വിത്തുബാങ്ക് (ബ്രൂഡ്ബാങ്ക്) വഴി യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം തുറന്നു.
ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിക്കുന്ന മീനുകളിൽ മുഖ്യപങ്കും അമിതചൂഷണത്തിന് വിധേയമാകുന്നില്ലെന്ന് തെളിയിക്കുന്ന സിഎംഎഫ്ആർഐയുടെ എം.എഫ്.എസ്.എസ്. 2022 പഠന റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധ നേടി. മത്തിയുടെ ജനിതകഘടനയുടെ സമ്പൂർണ ശ്രേണീകരണം, സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള കാർബൺ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് കണ്ടെത്തൽ, പുതിയ മീനുകളെ തിരിച്ചറിയൽ തുടങ്ങി നിരവധി ഗവേഷണ പഠനങ്ങൾ ശ്രദ്ധേയമായി. ചെറുമത്സ്യബന്ധന നിരോധനത്തിന് വഴിയൊരുക്കിയ എം എൽ എസ് നിയന്ത്രണം, സർക്കാറുകളുടെ നയരൂപീകരണത്തിനായി നടത്തിയ പഠനങ്ങൾ, പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും സിഎംഎഫ്ആർഐയുടെ ഗവേഷണങ്ങളുടെ ഭാഗമാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദഹത്തിന്റെ നേതൃ്വത്തിൽ നടപ്പിലാക്കി.
80 സ്ഥാപനങ്ങളുമായി ഗവേഷണ സഹകരണത്തിനുള്ള സഹകരണ കരാർ ഒപ്പുവെച്ചു. 45 കൺസൾട്ടൻസി പദ്ധതികൾ നടപ്പിലാക്കി. 140ലധികം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. 2019ൽ ഐസിഎആറിന് കീഴിലെ മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ വല്ലഭായ് പട്ടേൽ അവാർഡ് സിഎംഎഫ്ആർക്കായിരുന്നു.