'കുഞ്ഞൂഞ്ഞ് ഞങ്ങടെ പുണ്യവാളനായിരുന്നു, ഗീവര്‍ഗീസ് പുണ്യവാളനെപ്പോലെ ഞങ്ങടെ സ്വന്തം പുണ്യവാളന്‍';പുതുപ്പള്ളിക്കാര്‍ക്ക് പരാതി പറയാനും നിവേദനം നല്‍കാനും നൊമ്പരങ്ങള്‍ പങ്കുവെയ്ക്കാനും ഒരാളേ ഉണ്ടായിരുന്നുള്ളു, ഒരേ ഒരാള്‍, പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി ! പുതുപ്പള്ളിക്കാരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഇനി ഉമ്മന്‍ ചാണ്ടിയില്ല: മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഒരു ജീവിതകാലം കൊണ്ട് നാട്ടുകാരുടെയൊക്കെയും പ്രിയപ്പെട്ട നേതാവായി മാറുകയായിരുന്നു. പുതുപ്പള്ളിയുടെ നായകന്‍ കേരളത്തിന്റെയൊക്കെയും നായകനാവുകയായിരുന്നു.

New Update
umman chandi

പുതുപ്പള്ളിക്കാര്‍ക്ക് പരാതി പറയാനും നിവേദനം നല്‍കാനും നൊമ്പരങ്ങള്‍ പങ്കുവെയ്ക്കാനും ഒരാളേ ഉണ്ടായിരുന്നുള്ളു. ഒരേ ഒരാള്‍. അതെ. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിക്കാരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഇനി ഉമ്മന്‍ ചാണ്ടിയില്ല.

Advertisment

പുതുപ്പള്ളി ജന്മം നല്‍കിയ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കൊക്കെയും ആശയും ആശ്രയവുമായിരുന്നു. എന്തു കാര്യവും അവര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടു പറയാം. എന്തു സങ്കടവും ഉന്നയിക്കാം. എന്തിനും ഏതിനും അദ്ദേഹം കൂട്ടുനില്‍ക്കും. പുതുപ്പള്ളിക്കാരുടെ പ്രശ്‌നമെന്തായാലും തുണയുമായി ഉമ്മന്‍ ചാണ്ടി ഒപ്പം തന്നെയുണ്ടാകും. ആര്‍ക്കും എവിടെയും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ പുതുപ്പള്ളിയില്‍ നിന്നു ബസില്‍ കയറി കോട്ടയത്തു പഠിക്കാന്‍ പോയിരുന്ന ഉമ്മന്‍ ചാണ്ടി കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായതും അവിടെനിന്ന് കെ.എസ്.യുവിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ, കോണ്‍ഗ്രസിലൂടെ വലിയ രാഷ്ട്രീയ നേതാവായതും പുതുപ്പള്ളിക്കാരുടെ കണ്‍വെട്ടത്തു തന്നെയായിരുന്നു.

കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായപ്പോള്‍ത്തന്നെ കേരളത്തിലെ ഒരു ശക്തികേന്ദ്രമായി വളര്‍ന്ന ഉമ്മന്‍ ചാണ്ടി. രാപകലന്യേ ബസിലും തീവണ്ടിയിലും യാത്ര ചെയ്തും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും രാത്രി കിടന്നുറങ്ങിയും സംഘടന വളര്‍ത്തിയ ഉമ്മന്‍ ചാണ്ടി. വെളുത്തു മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ ഒരു വാക്കുരിയാടിയാല്‍ കേരളത്തെ സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുള്ള സംഘടനയായി വളര്‍ന്ന കെ.എസ്.യു എന്ന കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനം.

കെ.എസ്.യുവിലൂടെ ഒരു പൊതുപ്രവര്‍ത്തകനായി വളരുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ചെറുതും വലുതുമായ കാര്യങ്ങള്‍ സാധിക്കാന്‍ നാട്ടുകാര്‍ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. 1970 -ല്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 27 വയസ് മാത്രം പ്രായം. പുതുപ്പള്ളിക്കാരുടെ അരുമയായ നേതാവും സന്തത സഹചാരിയുമായി മാറുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

നാട്ടുകാര്‍ക്ക് എന്താവശ്യത്തിനും ഉമ്മന്‍ ചാണ്ടിയെ സമീപിക്കാം. തിരക്കിനിടയില്‍ അല്പം സമയം കിട്ടിയാല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തും. അതു നാട്ടുകാരറിയും. അവര്‍ ഓരോ ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കും. എല്ലാം ഉമ്മന്‍ ചാണ്ടി കേള്‍ക്കും. ഓരോന്നിനും പരിഹാരം ഉമ്മന്‍ ചാണ്ടിതന്നെ ഉണ്ടാക്കും. പ്രശ്‌ന പരിഹാരത്തിന് ആരെയും വിളിക്കും. ആര്‍ക്കും കത്തെഴുതും.

അതാണ് പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ഒട്ടും സഹിക്കാന്‍ കഴിയാതായത്. അവര്‍ വിങ്ങി വിങ്ങി കരഞ്ഞു. അലമുറയിട്ടു മുദ്രാവാക്യം വിളിച്ചു. നെഞ്ചു പിളര്‍ക്കുംവണ്ണം പൊട്ടിക്കരഞ്ഞു. അവരുടെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി ഇനിയില്ല. പരസ്പരം സങ്കടം പറഞ്ഞ്, പിന്നെയും പിന്നെയും കരഞ്ഞ് പുരുഷാരം കണ്ണുനീരോടെ തങ്ങളുടെ നേതാവിനെ യാത്രയയച്ചു. ഇനി ഒരിക്കലും തിരികെ വരാനാകാത്ത ലോകത്തേയ്ക്ക്. എന്നും ജനക്കൂട്ടത്തോടൊപ്പം കഴിച്ച ഉമ്മന്‍ ചാണ്ടി, സ്വന്തം വീടിന്റെ ജനാലകളും വാതായനങ്ങളും ജനങ്ങള്‍ക്കവേണ്ടി എപ്പോഴും തുറന്നിട്ട ഉമ്മന്‍ ചാണ്ടി, അങ്ങനെ പുതുപ്പള്ളിയിലെങ്ങും തിങ്ങി നിറഞ്ഞ പുരുഷാരത്തിനിടയിലൂടെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ അന്ത്യ വിശ്രമത്തിന്.

ഒരു സാധാരണ ദിവസം പത്തു പേരില്‍ കൂടുതലാളുകള്‍ കൂടാത്ത പുതുപ്പള്ളി പള്ളിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് വ്യാഴാഴ്ച തടിച്ചുകൂടിയത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയവര്‍. തിരുവനന്തപുരത്ത് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ബുധനാഴ്ച കാലത്ത് ഏഴര മണിക്കാരംഭിച്ച വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത് 34 മണിക്കൂര്‍ കഴിഞ്ഞ്. വഴിനീളെ റോഡരികില്‍ തടിച്ചു കൂടിയ ജനങ്ങള്‍ നിറഞ്ഞ വേദനയോടെ ജനനേതാവിനെ യാത്രയയച്ചു. അതിലധികം പേരും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍. അതി ദരിദ്രരും സാധാരണക്കാരും പാവപ്പെട്ടവരും. ഉമ്മന്‍ ചാണ്ടിയുടെ ഒരു ഒപ്പിന്റെ വിലയറിഞ്ഞവരാണ് ഇവരിലധികവും. ചെങ്ങന്നൂരും തിരുവല്ലയിലും ചങ്ങനാശേരിയിലുമെല്ലാം രാത്രി ഇരുട്ടി വെളുക്കുവോളം ജനക്കൂട്ടം ക്ഷമയോടെ കാത്തിരുന്നു. കേരളം ഇത്ര വികാരവായ്‌പോടെ ഒരു ജനനേതാവിനെ യാത്രയയക്കുന്നത് ഇതാദ്യം.

അതെ. പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഒരു ജീവിതകാലം കൊണ്ട് നാട്ടുകാരുടെയൊക്കെയും പ്രിയപ്പെട്ട നേതാവായി മാറുകയായിരുന്നു. പുതുപ്പള്ളിയുടെ നായകന്‍ കേരളത്തിന്റെയൊക്കെയും നായകനാവുകയായിരുന്നു.

പുതുപ്പള്ളിയില്‍ തടിച്ചുകൂടിയ പുരുഷാരത്തിലെ ഒരാള്‍ ഒരു ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു: 'കുഞ്ഞൂഞ്ഞ് ഞങ്ങടെ പുണ്യവാളനായിരുന്നു, ഗീവര്‍ഗീസ് പുണ്യവാളനെപ്പോലെ ഞങ്ങടെ സ്വന്തം പുണ്യവാളന്‍.' അതെ. കേരളത്തിന്റെ സ്വന്തം പുണ്യവാളനായിരുന്നു ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്ക് എന്താഗ്രഹവും സാധിച്ചുകൊടുക്കാന്‍ എപ്പോഴും ഒരുങ്ങിനിന്ന പുണ്യവാളന്‍.

umman chandi
Advertisment