രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം (രാജമല) തിങ്കളാഴ്ച തുറക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് ഉദ്യാനം അടച്ചത്. ഈ സീസണില്‍ മേസ്തിരിക്കെട്ട്, കുമരിക്കല്ല്, വരയാട്‌മൊട്ട എന്നിവിടങ്ങളിലായി 110-ലധികം കുഞ്ഞുങ്ങള്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ അവസാനത്തോടെ ഔദ്യോഗിക കണക്കെടുപ്പ് നടത്തും.
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ 128 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 803 വരയാടുകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. രാവിലെ എട്ടുമുതല്‍ 4.30വരെയാണ് ഉദ്യാനത്തിലെ സന്ദര്‍ശന സമയം. പ്രവേശന കവാടത്തിന് സമീപത്തായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് സൗകര്യമുണ്ട്. വനംവകുപ്പിന്റെ പ്രത്യേക ബസിലാണ് പാര്‍ക്കിലേക്ക് കൊണ്ടുപോകുന്നത്.
മുതിര്‍ന്നവര്‍ക്ക് 200 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് ഫീസ്. പരമാവധി 2800 പേര്‍ക്ക് മാത്രമാണ് ദിവസേന പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്കുചെയ്യാം. ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.