/sathyam/media/media_files/xdXverfqnKlr6QQEwfpg.jpeg)
കായംകുളം: മാലിന്യം ശരിയായി കൈകാര്യം ചെയ്യാത്തതും ജലാശയങ്ങളിലെ മാലിന്യനിക്ഷേപവും ഡെങ്കിപ്പനി, മലേറിയ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് തുടങ്ങിയ മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് മാവേലിക്കര ജില്ലാ ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ ഡോ. ശ്രീപ്രസാദ് പറഞ്ഞു. 'കുട്ടികളും മഴക്കാല രോഗങ്ങളും'
എന്ന വിഷയത്തിൽ ചൈൽഡ് കെയർ ആൻഡ് വെൽഫയർ അസോസിയേഷനും കായംകുളം കിറ്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മാലിന്യം ശരിയായി കൈകാര്യം ചെയ്യാത്തത് രോഗവാഹക ജീവികളുടെ വളർച്ചക്ക് കാരണമാകുകയും അതുവഴി രോഗങ്ങൾ പടരുന്നതിന് വഴിയൊരുക്കുകയും ചെയ്യും. തിളപ്പിച്ച് ആറിയ ജലം മാത്രം കുടിക്കുന്നതിലൂടെയും കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെയും മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെയും ഒരു പരിധി വരെ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഡോ. ശ്രീപ്രസാദ് മറുപടി നൽകി. 'മഴക്കാല രോഗങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ ഡോക്ടർ അബ്ദുൽ സലാം മേഡയിൽ നിർമിച്ച ഹ്രസ്വ ആരോഗ്യ ബോധവൽക്കരണ വിഡിയോയും സെമിനാറിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. കിറ്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സമീം എം.എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ ശ്രീ. അബ്ദുള്ളക്കുട്ടി അധ്യക്ഷൻ ആയിരുന്നു. ചൈൽഡ് കെയർ ആൻഡ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാ ചെയർപേഴ്സൺ ശ്രീമതി. സുനിത സി.എസ്, സി.സി. ഡബ്ലിയു.ഒ ആലപ്പുഴ ജില്ലാ ട്രെഷറർ റിയാസ് പുലരിയിൽ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. കിറ്റ് ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ.എസ് നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us