കൊച്ചി: മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ വെര്‍ച്വല്‍ അസിസ്റ്റാന്റായ ഫെഡിയുടെ സേവനം വിവിധ ഭാഷകളില്‍ ലഭ്യമാക്കുന്നതിന് എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനമായ ഭാഷിണിയും ഫെഡറല്‍ ബാങ്കും തമ്മില്‍ ധാരണയിലെത്തി. ഇതോടെ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി,ഗുജറാത്തി, കന്നട, ഒഡിയ, ആസ്സാമീസ്, പഞ്ചാബി, ഉറുദു, മണിപ്പൂരി, ബോഡോ എന്നീ പതിനാലു ഭാഷകളില്‍ ഫെഡിയുടെ സേവനം ലഭിക്കും.
പ്രാദേശിക ഭാഷകളില്‍ ബാങ്കിംഗ് സേവനം പ്രോത്സാഹിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷന്‍ ഹബ്ബ് (ആര്‍ബിഐഎച്ച്) തുടക്കമിട്ട പ്രാദേശിക ഭാഷാ സംരംഭത്തിന്റെ ഫലമായാണ് ഈ പങ്കാളിത്തമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ രാജ്യവ്യാപകമായി ഇടപാടുകാരിലേക്ക് എത്തിക്കുന്നതിന് ഭാഷിണിയുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. 'ഇടപാടുകാര്‍ക്ക് നൂതന ബാങ്കിങ് സേവനം നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതിലൂടെ ഫെഡിയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാകും.'- ശാലിനി വാര്യര്‍ അഭിപ്രായപ്പെട്ടു.
ബഹുഭാഷാ വോയ്സ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയെ വോയ്സ്-ഫസ്റ്റ് സമീപനത്തോടെ സമന്വയിപ്പിച്ച് സാമ്പത്തിക സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാഷിണിയുടെ സിഇഒ അമിതാഭ് നാഗ് പറഞ്ഞു. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം, ഏവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ പ്രാപ്യമാക്കാനും സാമ്പത്തിക മേഖലയില്‍ ഉപഭോക്തൃ ഇടപെടലിന് പുതിയ മാനദണ്ഡം സ്ഥാപിക്കാനും ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷയില്‍ ബാങ്കിങ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്ന ഫെഡറല്‍ ബാങ്കിന്റെ നടപടികളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷന്‍ ഹബ്ബ് (ആര്‍ബിഐഎച്ച്) സിഇഒ രാജേഷ് ബന്‍സാല്‍ പ്രശംസിച്ചു.