/sathyam/media/media_files/XFILvlhlYLaOtYZJ2C2l.jpg)
തിരുവനന്തപുരം: ഈ സാമ്പത്തികവർഷം ആകെ കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി രൂപയാണ്. 2024 മാർച്ച് വരെ ഇത്രയും വായ്പകൊണ്ട് മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്.ഓണച്ചെലവ് മുൻനിർത്തി സംസ്ഥാന സർക്കാർ 2000 കോടി രൂപകൂടി കടമെടുക്കുന്നു.
മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണിത്. സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു.
ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇറക്കുന്ന രണ്ടായിരം കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ഓഗസ്റ്റ് ഒന്നിനാണ്. ഒന്ന് മുതൽ ശമ്പളവും പെൻഷനും നൽകിത്തുടങ്ങണം. ഇതുകഴിഞ്ഞ് ക്ഷേമപെൻഷൻ, ബോണസ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആർ.ടി.സി. എന്നിവയ്ക്ക് നൽകേണ്ട സഹായം കണ്ടെത്തണം.
ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് സർക്കാർതലത്തിൽ ആലോചനകൾ നടക്കുന്നതേയുള്ളൂ. ഓണക്കാല ചെലവുകൾ നടത്താനായാലും അടുത്ത മാസങ്ങളിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്. സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടാകണം എന്നതാണ് ഒന്നാമത്തെ മാർഗം. അല്ലെങ്കിൽ കേന്ദ്രം കൂടുതൽ വായ്പ അനുവദിക്കണം. നിലവിൽ സംസ്ഥാനത്തിന് അകത്തു നിന്നുള്ള വരുമാനംകൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഒരു ശതമാനം വായ്പകൂടി അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം ആലോചിക്കുന്നില്ലെന്നാണ് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ അറിയിച്ചത്.