മാന്നാർ ∙ എണ്ണയ്ക്കാട് ഫിഷ് ലാൻഡിങ് സെന്റർ തകർന്നടിഞ്ഞു. എണ്ണയ്ക്കാട്, ഗ്രാമം ഉളുന്തി, പൊറ്റമേൽക്കടവ്, തോനയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ മുന്നൂറോളം മത്സ്യത്തൊഴിലാളികൾ ചേർന്നു കാൽ നൂറ്റാണ്ടു മുൻപാണ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിനു രൂപം നൽകിയത്. ബുധനൂർ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള 10 സെന്റ് സ്ഥലം സംഘത്തിനു സ്വന്തമായിട്ടുണ്ട്. 13 വർഷം മുൻപ് ഈ സ്ഥലത്തോടു ചേർന്നു മണ്ണുംമുക്കത്തു കടവിലാണു ഫിഷ് ലാൻഡിങ് സെന്റർ സ്ഥാപിച്ചത്.
ആറ്റുതിട്ട കെട്ടി സിമന്റിട്ട് ഇരുമ്പു തൂണിൽ ഇരുമ്പു ഷീറ്റ് മേഞ്ഞ താൽക്കാലിക സംവിധാനമാണ് അന്നൊരുക്കിയത്. പിന്നീടുള്ള നാളുകളിൽ മത്സ്യ ലേലം അടക്കമുള്ള പ്രവർത്തനങ്ങൾ ചിട്ടയായി നടന്നു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ബഹുനിലക്കെട്ടിടം, വല വയ്ക്കാനും വിരിക്കാനും അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യമൊരുക്കൽ, ശീതീകരണ സംവിധാനം, മത്സ്യത്തൊഴിലാളികൾക്കു വിശ്രമിക്കുന്നതിനുള്ള മുറികൾ എന്നിവയെല്ലാം നിർമിക്കുമെന്ന് ഉറപ്പു ലഭിച്ചിരുന്നതായി സഹകരണ സംഘം ഭാരവാഹികൾ പറയുന്നു. ഇതിനായി പ്രത്യേക പദ്ധതി വരെ തയാറാക്കി സർക്കാരിനു സമർപ്പിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടില്ല.
കുട്ടംപേരൂർ ആറ് മലിനപ്പെട്ടതോടെ മത്സ്യസമ്പത്ത് കുറയുകയും തൊഴിലാളികൾ കൂട്ടത്തോടെ വീയപുരം, ചമ്പക്കുളം, കുട്ടനാട്, പുന്നമട കായൽ തുടങ്ങിയ സ്ഥലങ്ങളിലേക്കു ജോലിക്കു പോകുകയും ചെയ്തു. ഇതോടെ സെന്റിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. കുട്ടംപേരൂർ ആറിന്റെ നവീകരണം നടന്നു നാടിനു സമർപ്പിച്ചിട്ടും ആറ്റിലെ മത്സ്യസമ്പത്ത് വീണ്ടെടുക്കാനായിട്ടില്ല. വിവിധയിടങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ പ്രശ്നപരിഹാരം ആകുമെന്നുള്ള തൊഴിലാളികളുടെ നിർദേശവും നടപ്പാക്കിയിട്ടില്ല. ഇതിനിടെ മണ്ണുമുക്കത്തെ ഫിഷ് ലാൻഡിങ് സെന്റർ തകർന്നു നിലംപൊത്തി. ഫിഷറീസ് മന്ത്രിയുടെ നാട്ടിലാണ് ഇങ്ങനെയൊരു സംരംഭം നശിച്ചു കിടക്കുന്നതെന്നും അതു വീണ്ടെടുക്കാൻ നടപടി ഉണ്ടാകണമെന്നും സംഘം പ്രസിഡന്റ് ആന്റണി ഡേവിഡ് ആവശ്യപ്പെട്ടു.