ഈ അധ്യയന വര്‍ഷം മുതൽ ഉന്നത വിദ്യാഭ്യാസരംഗത്ത് സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുന്നു . നിലവിലുള്ള മൂന്നു വര്‍ഷ സമ്പ്രദായത്തില്‍നിന്നു ബിരുദപഠനം നാലു വര്‍ഷമായും ബിരുദങ്ങള്‍ മൂന്നുതരമായും മാറുന്നു. ഡിഗ്രി, ഡിഗ്രി ഓണേഴ്സ്, ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് എന്നിങ്ങനെയാണ് ഇനി ബിരുദം നേടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍. ജൂലായ് മാസത്തോടെ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍വ്വകലാശാലകളും കോളേജുകളും. ഒപ്പം ബിരുദം നാലു വര്‍ഷത്തിലേയ്ക്ക് മാറുമ്പോള്‍ നിരവധി ആശങ്കകളും അനിശ്ചിതത്വവും നിലനില്‍ക്കുന്നുമുണ്ട്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ള പരിശീലന പരിപാടികള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറം സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്ന കാതലായ ഈ മാറ്റത്തെക്കുറിച്ച് അര്‍ഹിക്കുന്ന രീതിയിലുള്ള പൊതുചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. വളരെ തിടുക്കത്തിലാണ് നാലു വര്‍ഷ ബിരുദത്തിലേയ്ക്ക് മാറാനുള്ള തീരുമാനം.
എന്ത്, എങ്ങനെ എന്നു മനസ്സിലാക്കാനുള്ള സമയം പോലും കിട്ടുന്നതിനു മുന്‍പ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കു പ്രവേശന നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സിലബസ് പോലും തയ്യാറാവാത്ത പ്രോഗ്രാമുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പോകെപ്പോകെ കാര്യങ്ങള്‍ പരിഹരിക്കപ്പെടും എന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍വ്വകലാശാലകളും. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും കോളേജ് മാനേജ്മെന്റുകളുടേയും അഭിപ്രായങ്ങള്‍ കാര്യമായി പുറത്തുവന്നിട്ടുമില്ല.