തണ്ണിത്തോട് ∙ കല്ലാറിന്റെ തീരങ്ങളിലും തോടുകളിലും മാലിന്യം നിറയുന്നു. മേടപ്പാറയിൽ നിന്ന് ആരംഭിച്ച് തണ്ണിത്തോട് മൂഴിയിൽ കല്ലാറ്റിലേക്ക് ചേരുന്ന വലിയതോടിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കാണാം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്ന് തോട്ടിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം മഴ ശക്തമാകുന്നതോടെ കല്ലാറ്റിലേക്ക് ഒഴുകിയെത്തും. തോട്ടിൽ ചെറിയ തോതിൽ നീരൊഴുക്കായതോടെ പല ഭാഗങ്ങളിലും മാലിന്യം തങ്ങിനിൽക്കുന്നത് കാണാം.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമസേന മുഖേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴും തോടുകളിൽ മാലിന്യം എത്തുന്നുണ്ട്. തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായും നാട്ടുകാർ പറയുന്നു. മാലിന്യം കാരണം തോടുകൾക്ക് സമീപത്തെ കിണറുകളിലെ ജലം മലിനമാകാനും ഇടയാക്കും. വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം കല്ലാറിന്റെ തീരങ്ങളിലെ വനഭാഗത്ത് തള്ളുന്നുണ്ട്.
വനത്തിലൂടെയുള്ള തണ്ണിത്തോട് – ചിറ്റാർ, തണ്ണിത്തോട് – കോന്നി റോഡുകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങളും മഴ ശക്തമാകുന്നതോടെ തോടുകൾ വഴി കല്ലാറ്റിലേക്ക് ഒഴുകിയെത്തും.ഒട്ടേറെ ആളുകൾ വസ്ത്രം അലക്കാനും കുളിക്കാനുമായി കല്ലാറിനെയും വലിയ തോടിനെയും ആശ്രയിക്കുന്നുണ്ട്.കല്ലാറും തോടുകളും വനത്തിലൂടെയുള്ള റോഡുകളും ഇടയ്ക്കിടെ ശുചീകരിക്കാറുണ്ടെങ്കിലും മിക്കപ്പോഴും ഇവിടങ്ങളിൽ മാലിന്യത്തിന് കുറവൊന്നുമില്ല.