New Update
/sathyam/media/media_files/5QwR4h3PYS8gnGRpbUH5.jpg)
ഇന്റര്‍നെറ്റ് കുക്കീസിന് അന്ത്യംകുറിക്കാനുള്ള നീക്കവുമായി ഗൂഗിള്‍. 2024 ജനുവരി നാല് മുതല്‍ ക്രോം ബ്രൗസറില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തും. ബ്രൗസറുകള്‍ വഴി ഒരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്‌സൈറ്റുകള്‍ ബ്രൗസറി ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ് എന്നറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ എന്തെല്ലാം ആണെന്ന് അറിയാനും ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പെരുമാറ്റം പിന്തുടരാനും താല്‍പര്യമുള്ള വിഷയങ്ങളിലുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമെല്ലാം ഈ കുക്കീസ് ആണ് ഉപയോഗപ്പെടുത്തുന്നത്.
എന്നാല്‍ ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാന്‍ ഇത് കാരണമാവും. ബ്രൗസറിന്റെ പ്രവര്‍ത്തന വേഗത്തേയും കുക്കീസ് ബാധിക്കാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായമാവാറുണ്ട്. ഇങ്ങനെ ചില കാരണങ്ങളാലാണ് 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാന്‍ ഗൂഗിള്‍ ആഗ്രഹിക്കുന്നത്.
നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളല്ലാതെ മറ്റുള്ള വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാര്‍ട്ടി കുക്കീസ് എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് ഒരു വാര്‍ത്താ വെബ്‌സൈറ്റില്‍ നിങ്ങള്‍ സന്ദര്‍ശിച്ചുവെന്നിരിക്കട്ടെ, ആ വെബ്‌സൈറ്റില്‍ മറ്റൊരു വെബ്‌സൈറ്റില്‍ നിന്നുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ ആ പരസ്യ വെബ്‌സൈറ്റും നിങ്ങളുടെ ബ്രൗസറില്‍ കുക്കീസ് സെറ്റ് ചെയ്യും. വാര്‍ത്താ വെബ്‌സൈറ്റില്‍ നിങ്ങള്‍ എന്തെല്ലാം ആണ് ക്ലിക്ക് ചെയ്യുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ആ പരസ്യ വെബ്‌സൈറ്റ് കുക്കീസ് ആയി ശേഖരിക്കും. പിന്നീട് ആ കുക്കീസിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങള്‍ കാണുന്ന മറ്റ് പരസ്യങ്ങള്‍.
2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. 'ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്‌സ്' എന്ന 'ഫ്‌ളോക്ക്' 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്‌ളോക്ക് ഒഴിവാക്കി.
ഇതിന് ശേഷമാണ് 'ആഡ് ടോപ്പിക്‌സ്' എന്ന രീതി പരസ്യങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്. ക്രോമിന്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന്റെ താല്‍പര്യമുള്ള വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഇതനുസരിച്ച് പരസ്യങ്ങള്‍ നല്‍കുന്നു. ഫ്‌ളോക്കിന് സമാനമാണ് ഇതെങ്കിലും ഉപഭോക്താക്കളെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റില്ല. പകരം തല്‍പര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഉണ്ടാക്കുക.
ഉദാഹരണത്തിന്, യാത്ര, സിനിമ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിലുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ അവ നിങ്ങളുടെ ഇഷ്ട വിഷയങ്ങളായി പരിഗണിക്കും. ഓരോ ആഴ്ചയിലും പുതിയ വിഷയങ്ങള്‍ ചേര്‍ക്കുകയും അവ മൂന്നാഴ്ചയോളം നിലനിര്‍ത്തുകയും ചെയ്യും.
ട്രാക്കിങ് പ്രൊട്ടക്ഷന്‍ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാര്‍ട്ടി കുക്കീസിനെ ഗൂഗിള്‍ ക്രോം തടയുക. 2024 ജനുവരി നാലിന് ക്രോമിന്റെ വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ ആഗോള ഉപഭോക്താക്കളില്‍ 1 ശതമാനത്തിന് ഈ ഫീച്ചര്‍ ലഭ്യമാക്കും.
ഇതോടെ കുക്കീസ് ശേഖരിക്കുന്നതിന് പകരം ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി ആഡ് ടോപ്പിക്കുകളായി ഉപകരണത്തില്‍ ശേഖരിക്കും. ഈ ആഡ് ടോപ്പിക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്‌സൈറ്റുകള്‍ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കുക.
2024 രണ്ടാം പകുതിയോടെ എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എത്തിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ചില വെബ്‌സൈറ്റുകളില്‍ ഇത് പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ താല്‍കാലികമായി നിലനില്‍ക്കുന്നുണ്ടെന്നും അത്തരം സാഹചര്യങ്ങളില്‍ തേഡ് പാര്‍ട്ടി കുക്കീസ് താല്‍കാലികമായി തിരികെ കൊണ്ടുവരാന്‍ അനുവദിക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.