തിരുവനന്തപുരം: യുഎസ് ആസ്ഥാനമായ പ്രോഡക്റ്റ് എന്‍ജിനീയറിംഗ് കമ്പനിയായ ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയില്‍ (ടെക്നോപാര്‍ക്ക് ഫേസ്-4) ഓഫീസ് തുറന്നു.ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗ്രിറ്റ്സ്റ്റോണ്‍ ഫൗണ്ടറും സിഇഒയുമായ ശിവകുമാര്‍ തെക്കേനടുവത്ത്, സിഒഒ പ്രേംജിത്ത് അലമ്പിള്ളി ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ് ഡിജിഎം വസന്ത് വരദ തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്നോസിറ്റിയിലെ കബനി കെട്ടിടത്തിലാണ് ഗ്രിറ്റ്സ്റ്റോണിന്‍റെ ഓഫീസ്.
ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നതിലൂടെ ഗ്രിറ്റ്സ്റ്റോണിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. വളര്‍ന്നുവരുന്ന എമര്‍ജിങ് ടെക്നോളജി ഹബ്ബ് എന്ന നിലയില്‍ ടെക്നോപാര്‍ക്ക് ഫേസ്-4 ന് വലിയ പ്രാധാന്യമുണ്ട്. ടെക്നോപാര്‍ക്ക് ഫേസ്-4 വളര്‍ച്ചയുടെ അടുത്ത ഡെസ്റ്റിനേഷനും കൂടിയാണ്. അവിടെ ഓഫീസ് ആരംഭിക്കുന്നതിലൂടെ ഗ്രിറ്റ്സ്റ്റോണിന് ഈ വളര്‍ച്ചയുടെ ഭാഗമാകാന്‍ സാധിക്കും. ടെക്നോപാര്‍ക്കിലെ ഓരോ കമ്പനികളും ടെക്നോപാര്‍ക്കിന്‍റെ അംബാസിഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശയങ്ങളെ വിപണിക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും മൂല്യങ്ങളും ബിസിനസ് ലക്ഷ്യങ്ങളും നേടുന്നതിന് സഹായിക്കുകയുമാണ് ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ചെയ്യുന്നതെന്ന് സിഇഒ ശിവകുമാര്‍ തെക്കേ നടുവത്ത് പറഞ്ഞു. ഉല്‍പ്പന്ന സേവനത്തില്‍ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിനാണ് ഗ്രിറ്റ്സ്റ്റോണ്‍ പ്രാധാന്യം നല്‍കുന്നത്. ഈ രീതിയില്‍ നിരവധി വിജയകരമായ ഉല്‍പ്പന്നങ്ങള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, ഗ്രിറ്റ്സ്റ്റോണ്‍ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.2016 ലാണ് ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ആരംഭിച്ചത്. യുഎസിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലും ഓഫീസുകളുള്ള ഗ്രിറ്റ്സ്റ്റോണ്‍ നൂതന എന്‍ജിനീയറിംഗ് സേവനത്തോടൊപ്പം ഗുണനിലവാരമുള്ള സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നു. എഡ്ടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക് മേഖലകളില്‍ നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള എന്‍ജിനീയറിംഗ് കഴിവുകള്‍ ഗ്രിറ്റ്സ്റ്റോണ്‍ പ്രയോജനപ്പെടുത്തുന്നു.