/sathyam/media/media_files/aH0iQSltKH8TJnuXlYiF.jpg)
ധാരാളം ആൻറി ഓക്സിഡൻറ് ചക്കയിൽ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നത് ചക്കയുടെ പ്രത്യേകതയാണ്.മൂപ്പെത്താത്ത ഇടിച്ചക്ക, വിളഞ്ഞ ചക്ക, ചക്കപ്പഴം എന്നിവയെല്ലാം തന്നെ രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളുടെ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്നു. ചക്കക്കുരുവും പ്രോട്ടീൻ, മിനറലുകൾ എന്നിവയാൽ സമൃദ്ധമാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ വിറ്റാമിൻ എ,സി എന്നിവ സഹായിക്കുന്നു. ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിയുന്നു.
ഹൃദയാരോഗ്യം
ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ ആൻറിഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുവാനും സഹായിക്കുന്നു.
അനീമിയ/വിളർച്ച എല്ലുകളുടെ ആരോഗ്യം
ചക്കയിൽ അടങ്ങിയിരിക്കുന്ന അയൺ, വിറ്റാമിൻ ബി,ബി3,ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച മാറ്റുന്നതിനും നല്ലതാണ്. മഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു.
പ്രമേഹം
നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹ രോഗികളുടെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുവാനും ചക്കയ്ക്ക് കഴിവുണ്ട് എന്നത് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ ചക്ക കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം മാറ്റാം എന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തിക്കാം എന്നതോ ഒരു തെറ്റിദ്ധാരണയാണ്. അതിനാൽ അമിത അളവിൽ കഴിക്കുന്നത് ഒഴിവാക്കുക.
ദഹന വ്യവസ്ഥ
ചക്കയിലെ ഭക്ഷ്യയോഗ്യമായ നാരുകൾ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചക്കക്കുരുവിലെ പ്രീബയോട്ടിക്സ്, ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ഇവയെല്ലാം കുടലിന്റെ പോഷക ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. കുടൽ കാൻസറിന്റെ സാധ്യതയും കുറയ്ക്കുന്നു.
കാഴ്ചശക്തി, ത്വക് സംരക്ഷണം
ചക്കച്ചുളയിലും ചക്കക്കുരുവിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നിശാന്ധത, കണ്ണിന്റെ ഞരമ്പുകളുടെ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യുന്നു.മുറിവുകളെ ഉണക്കുവാനും ത്വക്ക്, മുടി, മസിൽ, ചെറു ഞരമ്പുകൾ എന്നിവയെ സംരക്ഷിക്കാനും ചക്കയിലെ പോഷകങ്ങൾക്ക് കഴിവുണ്ട്.
ഉറക്കം മെച്ചപ്പെടുത്തുന്നു
ചക്കയിലെ മഗ്നീഷ്യം സുഖനിദ്ര പ്രധാനം ചെയ്യാൻ സഹായിക്കുന്നു.