ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ ഞെരുക്കുന്നതായോ തോന്നാം. ചിലപ്പോള്‍ വേദന ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടിയെല്ലുളിലും മാത്രമായി വേദന അനുഭവപ്പെടാം.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം.
നെഞ്ചെരിച്ചിലും അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയാകാം. അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അതിനെ അവഗണിക്കരുത്. അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം. ഉത്കണ്ഠ, ഭയം, എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം.