അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് മുൻപ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഉപ്പിന്റെ ഉപയോഗം അളവിൽ കൂടിയാൽ ഓട്ടോ ഇമ്മ്യൂണൽ രോഗമായ എക്സിമയ്‌ക്ക് (കരപ്പൻ) കാരണമാകുമെന്ന് പുതിയ പഠനങ്ങൾ. ഉപ്പിൽ അടങ്ങിയ സോഡിയം ആണ് വില്ലൻ. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ കുറവായിരിക്കണം.
അളവിലും ഒരു ഗ്രാം സോഡിയം കൂടുതൽ കഴിക്കുന്നത് കരപ്പൻ പോലുള്ള വിട്ടുമാറാത്ത ചർമ്മ രോഗം വരാനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഈ ഒരു ഗ്രാം സോഡിയം എന്നത് അര ടീസ്പൂണ്‍ ടേബിള്‍ സോള്‍ട്ടിലോ ഒരു ഹാംബര്‍ഗറിലോ അടങ്ങിയിട്ടുള്ളതാണ്. ചര്‍മ്മത്തില്‍ സോഡിയത്തിന്റെ അളവു കൂടുന്നത് ചര്‍മ്മജ്വലനത്തിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നു.
പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങള്‍ക്കും ഇത്തരം ചർമ്മ രോഗങ്ങൾക്ക് കാരണമാകുമെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് മികച്ച മാര്‍ഗ്ഗമെന്നും പഠനത്തിൽ പറയുന്നു. മുപ്പതിനും എഴുപതിനും ഇടയിൽ പ്രായമായ രണ്ട് ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.