ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ഇടുക്കി ജില്ലയിലേക്ക് എത്തിയത് പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍. കൊടുംചൂടിലും ഈ ഒഴുക്ക് കുറയുന്നില്ല. മൂന്നാറില്‍ പകല്‍ നല്ല ചൂടാണെങ്കിലും രാത്രി സുഖകരമായ കാലാവസ്ഥയാണ്. അതുകൊണ്ട് നിരവധി പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ടൗണിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്കിലും ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും നിരവധി സഞ്ചാരികളാണ് എത്തുന്നത്. ദിവസേന 3500 മുതല്‍ 5000 വരെ ആളുകള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഹൈഡല്‍ പാര്‍ക്കിലും ദിവസേന 3000-ല്‍ അധികം പേര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ഒരാഴ്ചയായി ദിവസേന രണ്ടായിരത്തോളം സന്ദര്‍ശകര്‍ മാട്ടുപ്പട്ടിയില്‍ ബോട്ടിങ്ങിനെത്തുന്നുണ്ട്. എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും നിരവധി സഞ്ചാരികളാണെത്തുന്നത്. തിങ്കളാഴ്ച ഇരവികുളം ദേശീയോദ്യാനം തുറക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. പകല്‍ സമയത്ത് പ്രദേശത്ത് കാര്യമായി തണുപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും രാത്രി താപനില കുറയുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് നേട്ടമാകും.
വാഗമണ്‍, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും വലിയ തിരക്കാണ്. വാഗമണ്ണില്‍ ചില്ലുപാലം, മ്യൂസിക്കല്‍ ഫൗണ്ടന്‍ അടക്കമുള്ള നിരവധി സംവിധാനങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പാഞ്ചാലിമേട്ടിലും സ്വിപ്പ് ലൈന്‍ അടക്കമുള്ള സാഹസിക വിനോദങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ടൂറിസ്റ്റ് ബസുകളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ദേശീയപാതയിലൂടെ ഹൈറേഞ്ചിലേക്കെത്തുന്നത്. വാഹനങ്ങളുടെ കൂട്ടത്തോടെയുള്ള വരവ് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിനും ഇടയാക്കി. ചെറിയ ജങ്ഷനുകളിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ഹോംസ്റ്റേ, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും വലിയ തിരക്കാണനുഭവപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അവധിദിനത്തില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നതും എ.ടി.എമ്മുകളില്‍ പണമില്ലാത്തതും സഞ്ചാരികളെ വലച്ചു. എന്നാല്‍ ഒരിടവേളയ്ക്കുശേഷം സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് വ്യാപാരികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.