/sathyam/media/media_files/2025/10/18/rain-2025-10-18-22-36-25.jpg)
നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് മേഘ സ്ഫോടനത്തിന് സമാനമായ മഴ.
ഏകദേശം മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്.
തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെ കല്ലാർ ഡാം തുറക്കുകയായിരുന്നു. ഇതും പ്രദേശത്ത് വെള്ളപ്പാച്ചിലിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.
ശനിയാഴ്ച പുലർച്ചയോടെയാണ് ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു തുടങ്ങിയത്.
പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മഴയുടെ ശക്തി കുറവാണ്.