കൊച്ചി: രാജ്യത്തെ, പ്രത്യേകിച്ച് ഒഡിഷയിലെ, പരമ്പരാഗത ഹാന്‍ഡ്ലൂം മേഖലയെ ശാക്തീകരിക്കാനായി മുന്‍നിര മാനേജുമെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഐഐഎം സമ്പല്‍പൂര്‍ കാമ്പസില്‍ ബയര്‍ സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു. മാസ്റ്റര്‍ വീവര്‍മാരുമായും രാജ്യത്തിന്‍റെ വിവിധ മേഖലകളിലുള്ള വാങ്ങല്‍കാരുമായും ബന്ധം ശക്തമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിച്ചത്.
ഫാബ് ഇന്ത്യ, നൈക്ക ഫാഷന്‍സ്, റിലയന്‍സ് സ്വദേശ്, ആദിത്യ ബിര്‍ള ലിവ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ പരിപാടിയില്‍ പങ്കെടുത്തു. മാസ്റ്റര്‍ വീവര്‍മാര്‍ക്ക് വിപണിയുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതായിരുന്നു ഈ പരിപാടി. നാച്യുറല്‍ ഡയിങ് എന്ന പുസ്തകവും ഈ വേളയില്‍ പ്രകാശനം ചെയ്തു.
12 ആഴ്ചത്തെ ചെറുകിട ബിസിനസ് മാനേജുമെന്‍റ് പരിശീലന പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ചാണ് മാസ്റ്റര്‍ വീവര്‍മാര്‍ക്കായി ഇതു സംഘടിപ്പിച്ചത്.തങ്ങളുടെ സുസ്ഥിര അധിഷ്ഠിത നീക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഹാന്‍ഡ്ലൂം മേഖലയെ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ ഡോ. മഹാദിയോ ജെയ്സാള്‍ പറഞ്ഞു.