ഡല്‍ഹി: ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍ പേയുടേയും ആധിപത്യം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം പാടുപെടുന്നതായി റിപ്പോര്‍ട്ട്. യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി പ്രതിസന്ധി നേരിടുന്നുവെന്ന് ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് യുപിഐയുടെ നടത്തിപ്പുകാര്‍. യുപിഐ രംഗത്തെ സേവനദാതാക്കളുടെ വിപണി വിഹിതം 30 ശതമാനമായി നിയന്ത്രിക്കാനാണ് എന്‍പിസിഐ ശ്രമിക്കുന്നത്. ഇതിനായി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സേവനങ്ങളുടെ വിപണി വിഹിതം കുറയ്‌ക്കേണ്ടതുണ്ട്. പക്ഷെ അത് എങ്ങനെ നടപ്പാക്കണം എന്ന് അധികൃതര്‍ക്ക് അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായ പേടിഎം ആകട്ടെ ഇപ്പോള്‍ അതിജീവനത്തിനുള്ള ശ്രമത്തിലാണ്.
സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിന് സാങ്കേതികമായ വെല്ലുവിളികളുണ്ടെന്നാണ് എന്‍പിസിഐ വിശ്വസിക്കുന്നത്. അത് നടപ്പിലാക്കുന്നതിനുള്ള ആശയങ്ങള്‍ ഏജന്‍സി അന്വേഷിച്ചുവരികയാണ്. 2024 ഡിസംബര്‍ 31 വരെ ഈ നിയമം നടപ്പിലാക്കില്ലെന്ന് എന്‍പിസിഐ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ എന്ത് തീരുമാനമായെന്ന് എന്‍പിസിഐ ഇതുവരെ അറയിച്ചിട്ടില്ല.