കൊച്ചി: പ്രചോദന പ്രഭാഷണ പരിപാടിയായ ടെഡ്എക്സ് (28.09.2024) ശനിയാഴ്ച ഇന്‍ഫോപാര്‍ക്കില്‍ നടക്കും. ഇന്‍ഫോപാര്‍ക്കും കൊച്ചി ശാസ്ത്ര സാങ്കേതികസര്‍വകലാശാല(കുസാറ്റ്)യും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ നാല് വരെ ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ടെഡ്എക്സ് കുസാറ്റ് 2024 എന്ന പരിപാടി നടക്കുന്നത്. ഇന്‍ഫോപാര്‍ക്കിന്‍റെ 20 -ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ടെഡ് എക്സ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. ടെഡ് എക്സ് കുസാറ്റിന്‍റെ അഞ്ചാമത് ലക്കമാണിത്.
അടുത്തിടെ വിരമിച്ച സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള പ്രമുഖരാണ് പ്രഭാഷണ പരമ്പര നയിക്കുന്നത്. പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാല്‍, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അനിമ നായര്‍, സിനിമാ താരം അനന്തരാമന്‍ അജയ്, ഓട്ടോമോട്ടീവ് മാധ്യമപ്രവര്‍ത്തകന്‍ ഹാനി മുസ്തഫ, കുസാറ്റ് മുന്‍ ഡീന്‍ പി ആര്‍ പൊതുവാള്‍, ചലച്ചിത്ര നടി സിദ്ധി മഹാജന്‍കാട്ടി എന്നിവരും പരമ്പരയില്‍ സംസാരിക്കും.രജിസ്റ്റര്‍ ചെയ്തതിനു ശേഷം സംഘാടകരുടെ ഇമെയില്‍ ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാനുള്ള അനുമതിയുള്ളത്.