/sathyam/media/media_files/i5kyKVlq6pSmIAUuMn4M.jpg)
അടുത്തിടെയാണ് ആപ്പിള്‍ ഐഒഎസ് 17.4 റിലീസ് കാന്റിഡേറ്റ് പബ്ലിക് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും വേണ്ടി ലഭ്യമാക്കിയത്. വിവിധ ബഗ്ഗുകള്‍ക്കുള്ള പരിഹാരങ്ങള്‍ക്ക് പുറമെ, പുതിയ ചില ഫീച്ചറുകളും ഈ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തും. ഈ ബീറ്റാ പതിപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല എങ്കിലും ബീറ്റാ പതിപ്പില്‍ ഉള്‍പ്പെട്ട പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നൂറില്‍ പരം ഇമോജികള്‍
നൂറിലേറെ ഇമോജികളാണ് ഐഒഎസ് 17.4 ഒഎസില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫീനിക്‌സ് ഇമോജി, നാരങ്ങ കഷ്ണം, വിവിധ വശങ്ങളിലേക്ക് തലയിളക്കുന്ന ഇമോജികള്‍ ഉള്‍പ്പടെയുള്ളവ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഈ ഇമോജികളില്‍ പലതും ഇതിനകം പല ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാണ്.
പുതിയ ഡിജിറ്റല്‍ ക്ലോക്ക് വിഡ്‌ജെറ്റ്
ഐഒഎസ് 17.4 ബീറ്റാ പതിപ്പില്‍ രണ്ട് പുതിയ ഡിജിറ്റല്‍ ക്ലോക്ക് ആപ്പ് വിഡ്‌ജെറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടഡ്. സിറ്റി ഡിജിറ്റല്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വിഡ്ജറ്റില്‍ ഒരു പ്രത്യേക സ്ഥലത്തെ സമയം സ്ഥിരമായി കാണാനാവും. സമയം വ്യത്യാസമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നാട്ടിലെ സമയം അറിയാന്‍ ഉപകാരപ്രദമാണിത്.
വിശദമായ ബാറ്ററി ഹെല്‍ത്ത് വിവരങ്ങള്‍
ഐഫോണ്‍ 15 സീരിസിലെ സെറ്റിങ്‌സിലുള്ള ബാറ്ററി ഹെല്‍ത്ത് സെക്ഷനില്‍ ഐഒഎസ് 17.4 കൂടുതല്‍ ബാറ്ററി ഹെല്‍ത്ത് വിവരങ്ങള്‍ ലഭ്യമാക്കും. സൈക്കിള്‍ കൗണ്ട്, മാക്‌സിമം കപ്പാസിറ്റി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അതിലുണ്ടാവും. മുമ്പ് എത്ര ശതമാനം ബാറ്ററി ഹെല്‍ത്ത് ഉണ്ടെന്ന് മാത്രമാണ് കാണിച്ചിരുന്നത്.
സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷനില്‍ കൂടുതല്‍ ഓപ്ഷനുകള്‍
തൊട്ടുമുമ്പ് പുറത്തിറക്കിയ ഐഒഎസ് വേര്‍ഷനിലാണ് ആപ്പിള്‍ സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. പുതിയ ബീറ്റാ പതിപ്പില്‍ ഇതിലേക്ക് കൂടുതല്‍ ഓപ്ഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന് ചില സെറ്റിങ്‌സില്‍ മാറ്റം വരുത്താന്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ ആവശ്യമാണോ എന്ന് തീരുമാനിക്കാനാവും. അപരിചിതമായ സ്ഥലത്തേക്ക് മാറുമ്പോള്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്തുന്നതിന് കാലതാമസം വരുത്താനുമാവും. ആപ്പിള്‍ അക്കൗണ്ട് ഫോണില്‍ നിന്ന് ഒഴിവാക്കാന്‍ ബയോമെട്രിക് ഡാറ്റയും, പാസ് കോഡും നല്‍കുന്നത് 17.4 അപ്‌ഡേറ്റില്‍ നിര്‍ബന്ധമാക്കിയേക്കും.
വിവിധ ഭാഷകളില്‍ സിരി ഉപയോഗിച്ച് മെസേജ് അയക്കാം
വിവിധ ഭാഷകളില്‍ സന്ദേശം അയക്കാനുള്ള കഴിവ് വോയ്‌സ് അസിസ്റ്റന്റ് സേവനമായ സിരിക്ക് ലഭിക്കും. ഇതിനായി സെറ്റിങ്‌സിലെ സിരി ആന്റ് സെര്‍ച്ച് സെക്ഷനില്‍ 'മെസേജിങ് വിത്ത് സിരി' എന്നത് തിരഞ്ഞെടുക്കുക. ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാം. അറബി, തായ്, സ്പാനിഷ് ഉള്‍പ്പടെ വിവിധ ഭാഷകള്‍ ഇതിലുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ ഏതെല്ലാം ഉണ്ടെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us