പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് ഇസ്രയേല്‍. സംഘര്‍ഷങ്ങള്‍ ആരംഭിച്ചതുമുതല്‍ രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ വിനോദസഞ്ചാരത്തിനായി സഞ്ചാരികള്‍ക്ക് മുന്‍പില്‍ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഇതോടെ ലോകത്തെ പ്രധാനപ്പെട്ട വിമാനക്കമ്പനികളില്‍ പലതും ഇസ്രയേലിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് നേരത്തെ പിന്‍വലിച്ചിരുന്നു. ഇസ്രയേലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൂടിയായിരുന്നു ഇന്ത്യ വിലക്ക് നീക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പൂര്‍ണ സജ്ജമായതായി ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. ടെല്‍ അവീവ്, ജറുസലേം, ഗലീലി, ചാവുകടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരികയാണ്. നിരവധി സഞ്ചാരികള്‍ ഐക്യദാര്‍ഢ്യം അറിയിക്കാനും പ്രാര്‍ഥനകള്‍ക്കും ടൂറിസത്തിനുമായി ഇപ്പോള്‍ രാജ്യത്തെത്തുന്നുണ്ടെന്നും ഇസ്രായേല്‍ വക്താവ് പറഞ്ഞു.
അതേസമയം, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും തങ്ങളുടെ പൗരന്‍മാരെ ഇസ്രയേലില്‍ പോകുന്നത് വിലക്കുന്നുണ്ട്. ഗാസയിലെ ബോംബ് ആക്രമണവും പ്രദേശത്തെ മറ്റ് സംഘര്‍ഷങ്ങളും കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നാണ് കാനഡ നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയും പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നിരവധി സഞ്ചാരികള്‍ ഇസ്രയേലിലേക്ക് യാത്ര നടത്താറുണ്ടായിരുന്നു. ഇത് പൂര്‍ണമായി പഴയ സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ടൂര്‍ കമ്പനികള്‍ ഇസ്രയേല്‍ യാത്രകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
വിശുദ്ധ സ്ഥലങ്ങളില്‍ നേരത്തെയുണ്ടായ തിരക്ക് ഇപ്പോഴില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവം ലഭിക്കുമെന്നും ഇസ്രയേല്‍ ടൂറിസം അധികൃതര്‍ അവകാശപ്പെടുന്നു. കൂടുതല്‍ ക്യാമ്പെയിനുകള്‍ നടത്തി സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പരമാവധി സഞ്ചാരികളെ രാജ്യത്ത് തിരിച്ചെത്തിക്കാനാണ് ഇസ്രയേലിന്റെ നീക്കം.