ബിന്ദു പണിക്കർ ജമീല എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി. നർമരസങ്ങളായ ജീവിതമുഹൂർത്തങ്ങളെ കോർത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്റെ പൂവൻകോഴി ഈ മാസം എട്ടിന് തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഈ സിനിമ ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എൻറർടെയ്നറാണ് കൂടിയാണ് ജമീലാന്റെ പൂവൻകോഴി. പ്രിയതാരം മിഥുൻ നളിനിയാണ് ചിത്രത്തിലെ നായകൻ.
പുതുമുഖതാരം അലീഷയാണ് നായിക. ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്. കുബളങ്ങി നൈറ്റ്സിൽ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴൽനായകവേഷം ചെയ്ത മിഥുൻ ആദ്യമായി നായകനാകുന്നു എന്നതും ജമീലാന്റെ പൂവൻകോഴിയുടെ മറ്റൊരു പ്രത്യേകതയാണ്.
ആക്ഷനും സംഗീതവും, നർമ്മ രസങ്ങളും ഏറെയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതിൽ തർക്കമില്ല. മിഥുൻ നളിനി, അലീഷ, ബിന്ദു പണിക്കർ, നൗഷാദ് ബക്കർ, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ, പൗളി വിൽസൺ, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കൾ.