ജീപ്പ് തങ്ങളുടെ മിഡ് സൈസ് എസ്‌യുവി ലൈനപ്പ് ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. സിട്രോണിൻ്റെ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാൻ ജീപ്പ് പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ പുതിയ മോഡൽ 2026 ഓടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് സമാനമായി പുതിയ ജീപ്പ് എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ ശക്തമായ ഒരു എതിരാളിയാക്കുന്നു. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി ഇൻ്റേണൽ കംബഷൻ എഞ്ചിൻ, ഇലക്ട്രിക് വെഹിക്കിൾ പതിപ്പുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇലക്ട്രിക്ക് പതിപ്പ് ഓൾ-വീൽ-ഡ്രൈവ് ഓപ്ഷനിൽ മാത്രമായി വാഗ്ദാനം ചെയ്തേക്കാം. ഈ പുതിയ മോഡലിന് 15 മുതൽ 20 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ കണക്കുകൾ നിലവിലെ മാർക്കറ്റ് ട്രെൻഡുകളും മത്സരിക്കുന്ന മോഡലുകളുടെ വിലനിർണ്ണയ തന്ത്രങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
എന്നാൽ ജീപ്പിൽ നിന്നുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഇപ്പോഴും വന്നിട്ടില്ല. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഈ പുതിയ എസ്‌യുവി കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ഹോണ്ട എലിവേറ്റ് തുടങ്ങിയ മുൻനിര മോഡലുകളുമായി മത്സരിക്കും. ഇന്ത്യയിൽ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്കൊപ്പം, ജീപ്പിൻ്റെ പുതിയ ഓഫറുകൾ ഗണ്യമായ താൽപ്പര്യം ജനിപ്പിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.