/sathyam/media/media_files/nmV86ajYv5fNji4Jh5qb.jpeg)
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനംചെയ്യുന്ന കൽക്കി - എഡി 2898. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ റിലീസ് തീയതി വരെയുള്ള ഓരോ അപ്ഡേറ്റും ആഘോഷമാക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞദിവസം ട്രെയിലർ പുറത്തിറങ്ങിയപ്പോഴും ഒരാളുടെ സാന്നിധ്യം വീണ്ടും ആഘോഷത്തിനിടയാക്കിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമയുടെ സ്വന്തം ഉലകനായകൻ കമൽ ഹാസനാണ് ആ ആവേശത്തിന് കാരണം. കൽക്കിയിൽ ഒരു സുപ്രധാന വേഷത്തിൽ കമൽ ഹാസൻ ഉണ്ടാവുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. വില്ലൻ വേഷത്തിലാവും കമൽ എത്തുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന രംഗങ്ങളാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും.
കലി എന്നായിരിക്കും കമലിന്റെ കഥാപാത്രത്തിന്റെ പേരെന്നാണ് സൂചന. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏത് രൂപത്തിലേക്ക് മാറാനും മടിയില്ലാത്ത താരമാണ് കമൽ ഹാസനെന്ന് ഏവർക്കുമറിയുന്ന കാര്യമാണ്. ട്രെയിലറിൽ കമൽ ഹാസനെ അത്ര വിശദമായി കാണിച്ചിട്ടില്ലെങ്കിലും ഉള്ളത് തീപ്പൊരിയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ വ്യക്തമാക്കുന്നത്. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കമൽ ഹാസൻ എന്ന ടാഗും ട്രെൻഡിങ്ങായി. അതേസമയം കമൽ ഹാസന്റേതായി വരാനിരിക്കുന്ന ഇന്ത്യൻ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങളിലും വൈവിധ്യമാർന്ന ഗെറ്റപ്പുകളിലാണ് ഉലകനായകൻ എത്തുന്നത്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചൻ, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.