എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള ടൂറിസം വികസനത്തില്‍ കേരളം മാതൃക- കെടിഎം സെമിനാര്‍

കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകായിരുന്നു അവര്‍.

New Update
rtyuiooiuytrerty

കൊച്ചി: വൈവിദ്ധ്യം, തുല്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം എന്നിവയില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇന്‍റര്‍നാഷണല്‍ ബിസിനസ് റിലേഷന്‍സ്സ് ക്വീര്‍ ഡെസ്റ്റിനേഷന്‍സ് ഡയറക്ടറും മിഷന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം സ്ഥാപകയുമായ റിക്കാ ജീന്‍ ഫ്രാങ്കോയ്സ് അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകായിരുന്നു അവര്‍.

മാറുന്ന സാമൂഹ്യസാഹചര്യത്തിനനുസരിച്ച് ടൂറിസമടക്കം എല്ലാ മേഖലയിലും മാറ്റങ്ങള്‍ നടന്നു വരികയാണെന്ന് റിക്കാ ഫ്രാങ്കോയിസ് ചൂണ്ടിക്കാട്ടി. പുരോഗമന മന:സ്ഥിതിയുള്ള തലമുറയാണ് വളര്‍ന്നുവരുന്നത്. അവരുടെ സാമൂഹ്യബോധത്തിനനുസരിച്ച് ആതിഥേയ വ്യവസായത്തിലും മാറ്റങ്ങള്‍ വരണം. പ്രാദേശിക ജനതയുടെ പങ്കാളിത്തം ടൂറിസം വ്യവസായത്തില്‍ ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ട്രാവല്‍ മേളകളിലെല്ലാം ആഹ്വാനമുയരുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ കേരളം ഈ ദിശയില്‍ ഏറെ മുന്നോട്ടു പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

130 ബില്യണ്‍ ഡോളറാണ് രാജ്യത്തെ വിവാഹമാര്‍ക്കറ്റെന്ന് റെയിന്‍ മേക്കര്‍ വെഡിംഗിന്‍റെ ഡയറക്ടര്‍ ജോയല്‍ ജോണ്‍ പറഞ്ഞു. ഇന്‍റിമേറ്റ് വെഡിംഗ് വിഭാഗത്തില്‍ കേരളത്തിന് സാധ്യതകള്‍ ഏറെയാണ്. രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണെങ്കിലും വിവാഹസൗഹൃദമായത് 15 ല്‍ താഴെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിവാഹ ഡെസ്റ്റിനേഷനുകള്‍ ചെലവേറിയതാകുന്നത് കേരളത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണ്. ഇത് കേരള ടൂറിസത്തിന്‍റെ ഭാവിയിലേക്കുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

അതിജീവനത്തിന്‍റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാല്‍ നൂറ്റാണ്ടത്തെ മാറ്റമെന്ന് സിജിഎച് എര്‍ത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്‍റുമായ ജോസ് ഡൊമനിക് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന മേഖല, ജിഡിപിയിലെ ഏറ്റവും വലിയ സംഭാവന എന്നിവയൊക്കെ ടൂറിസത്തില്‍ നിന്നാണ്. സാധാരണത്വത്തിലെ അസാധാരണത്വമാണ് കേരള ടൂറിസത്തിന്‍റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറാകണമെന്ന് സോമതീരം ഗ്രൂപ്പിന്‍റെ സ്ഥാപകനും കെടിഎം മുന്‍ പ്രസിഡന്‍റുമായ ബേബി മാത്യു ചൂണ്ടിക്കാട്ടി. പ്രകൃതി, പ്രാദേശിക സംസ്ക്കാരം, സാമൂഹ്യ-സാമ്പത്തിക ഉന്നമനം എന്നിവ ടൂറിസത്തിലൂടെ ലക്ഷ്യം വയ്ക്കണം.  ടൂറിസം കേന്ദ്രങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കുറവ് മലിനീകരണവും ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതുമായ മേഖലയാണ് ടൂറിസമെന്ന് സെമിനാര്‍ കമ്മിറ്റി ചെയര്‍മാനും കെടിഎം മുന്‍ പ്രസിഡന്‍റുമായ റിയാസ് അഹമ്മദ് ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ കാലാനുസൃതമയ ഭേദഗതികള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. ടൂറിസത്തിലെ പിപിപി മാതൃക രാജ്യത്തിന് തന്നെ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ്, സെമിനാര്‍ കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ നിര്‍മ്മല ലില്ലി തുടങ്ങിയവരും പങ്കെടുത്തു. സെമിനാറിനു ശേഷം ചോദ്യോത്തര വേളയും സംഘടിപ്പിച്ചു.

Advertisment