/sathyam/media/media_files/gpVHwXQcVdP2Zu7SmPLu.jpg)
കൊല്ലം: ഓണത്തിന് 26 ദിവസം ബാക്കിനി​ൽക്കേ വി​പണി​യി​ൽ അരി​വി​ല ഉയർന്നു. സപ്ളൈകോയി​ൽ സബ്സി​ഡി​ അരി​ക്ക് കടുത്ത ക്ഷാമം നേരി​ടവേ, പൊതുവിപണിയിലെ തീപിടിച്ച വില സാധാരണക്കാർക്ക് ഇരുട്ടടിയാവുന്നു. മൂന്നാഴ്ചകൊണ്ട് വില കിലോയ്ക്ക് രണ്ട് മുതൽ അഞ്ച് രൂപവരെയാണ് വർദ്ധിച്ചത്. ജില്ലയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ജയ, മട്ട അരികൾക്കാണ് കൂടിയ വർധന. ജയ അരി കിലോയ്ക്ക് 41 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിലെത്തുമ്പോൾ 44 രൂപയാവും. നാലു രൂപയാണ് രണ്ടാഴ്ചകൊണ്ട് കൂടിയത്.
ജില്ലയിൽ നിലവിൽ പൊതുവിപണിയിൽ അരിക്ഷാമം ഇല്ലെങ്കിലും ഓണം അടുക്കുമ്പോൾ ആവശ്യക്കാരുടെ എണ്ണം ഇരട്ടിക്കുന്നതിനാൽ ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡിയുള്ള ജയ അരി കിലോയ്ക്ക് 25 രൂപയ്ക്കാണ് വിൽക്കുന്നത്. സബ്‌സിഡി ഇല്ലാത്തതിന് 42 രൂപയും. സബ്‌സിഡിയുള്ള ജയ അരി സപ്ലൈകോ സ്‌റ്റോറുകളിൽ ഒരാൾക്ക് പത്ത് കിലോയായി നിജപ്പെടുത്തിയിട്ടുണ്ട്. അരിക്ക് പുറമേ പച്ചരിക്കും വില വർദ്ധിച്ചു. പ്രാദേശികമായി വില വ്യത്യാസം ഉണ്ടെങ്കിലും ഒരാഴ്ചകൂടി കഴിയുമ്പോൾ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ആന്ധ്ര, തമിഴ്‌നാട്, കർണാടക, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് അരിയെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ അരി ഉത്പാദനത്തിന്റെ അളവ് കുറച്ചതും കാലാവസ്ഥ വ്യതിയാനവുമാണ് വരവ് കുറച്ചതും വില കൂടിയതും. അരിക്ക് ക്ഷാമമായതോടെ മില്ലുടമകൾ വില കൂട്ടി ചോദിക്കുന്നതിനാൽ മൊത്തക്കച്ചവടക്കാരിൽ പലരും പുതിയ ലോഡ് എടുക്കാൻ താത്പര്യം കാട്ടുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us