'കിരീടം' സിനിമയിലൂടെ പ്രസിദ്ധമായ തിരുവനന്തപുരം വെള്ളായണിയിലെ പാലം സിനി ടൂറിസത്തില്‍ ഉള്‍പ്പെടുത്തി നവീകരണം ഉടന്‍ ആരംഭിക്കും. പാലവും പരിസരവും നവീകരിക്കുന്നതിന്റെ മാതൃക മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. കിരീടം പാലം എന്നറിയപ്പെടുന്ന ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് 1.22 കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. സിനിമയിലെ നായകന്‍ മോഹന്‍ലാലിനു പിറന്നാള്‍ സമ്മാനമാണിതെന്ന് സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ മന്ത്രി പറഞ്ഞു.
കിരീടം പാലവും വെള്ളായണി കായലിന്റെ മനോഹാരിതയും ആസ്വദിക്കാന്‍ കഴിയുന്നവിധത്തിലും സിനിമയുടെ ദൃശ്യങ്ങള്‍ മനസ്സില്‍ പതിപ്പിക്കുന്ന തരത്തിലുമാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കുന്നു. പ്രകൃതിരമണീയമായ വെള്ളായണിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കിരീടം പാലവും പരിസരവും സംസ്ഥാനത്തെ ആദ്യ സിനി ടൂറിസം പദ്ധതിക്കായി ഒരുങ്ങുന്നുവെന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്. കിരീടം സിനിമയിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി...... എന്ന ഹിറ്റ് പാട്ടിനു പശ്ചാത്തലമായ കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വെള്ളായണി എന്ന കൊച്ചുഗ്രാമത്തിലെ കന്നുകാലിച്ചാലും കുറുകെയുള്ള പാലവുമായിരുന്നു പാട്ടിലെ പ്രധാന ആകര്‍ഷണം.
പാട്ടുസീനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവനും കൂട്ടുകാരന്‍ കേശുവായി അഭിനയിച്ച ശ്രീനാഥും പാലത്തിലിരിക്കുന്ന രംഗവുമുണ്ട്. ഈ സിനിമയ്ക്കുശേഷമാണ് പാലം 'കിരീടം പാലം' എന്നറിയപ്പെട്ടു തുടങ്ങിയത്. കാലപ്പഴക്കംകൊണ്ട് തകര്‍ന്ന പാലം പുതുക്കിപ്പണിതു.
കിരീടം സിനിമയിലെ നാസറിന്റെ ചായക്കടയെ ഓര്‍മ്മപ്പെടുത്തുന്ന 'നാസര്‍ കഫേ' എന്നപേരില്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കട, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടം, വിശ്രമകൂടാരങ്ങള്‍, സിനിമകളിലെ കഥാപാത്രങ്ങളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വെള്ളായണിയിലെ കിരീടം പാലവും മാറും. നിലവില്‍ പാലത്തിനോടു ചേര്‍ന്ന റോഡിന് 'തിലകന്‍ റോഡ്' എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്. ഹാബിറ്റാറ്റിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.
സിനിമയിലൂടെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ലൊക്കേഷനുകളാണ് സിനി ടൂറിസത്തില്‍ വരുന്നത്. നിലവിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതില്‍ ഉണ്ടാകില്ലെങ്കിലും ബേക്കല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത 'ബോംബെ' സിനിമയ്ക്ക് ബേക്കല്‍ ലൊക്കേഷനായി. ബേക്കലിനെ സിനി ടൂറിസത്തില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി മണിരത്നവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചര്‍ച്ചചെയ്തിരുന്നു.