ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് സെപ്റ്റംബര്‍ 12 ന് ആണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മ്മാണം. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടീസറിന് പിന്നാലെ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'സുമദത്തൻ' എന്ന കഥാപാത്രമായി ജഗദീഷും 'ശിവദാസൻ' എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ 'സുധീറി'നെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ നീണ്ട കാലയളവിനൊടുവിൽ നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായ നിഴൽകൾ രവി തീർത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'അമൃത് ലാൽ' എന്നാണ് നിഴൽകൾ രവിയുടെ കഥാപാത്രത്തിന്റെ പേര്. 'ഇടുക്കി ഗോൾഡ്' എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിൻ ബെൻസൺ. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ഈ ചിത്രത്തിൽ 'പ്രശോഭ്' എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.
ചിത്രസംയോജനം സൂരജ് ഇ എസ്, സംഗീതം മുജീബ് മജീദ്, വിതരണം എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി രഞ്ജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ ആതിര ദിൽജിത്ത്.